മുപ്പത്തിരണ്ടോളം വരുന്ന ചെറിയ കുന്നുകള്‍ക്ക് നടുവിലാണ് ഉന്നതശീര്‍ഷനായ ബാന്ധവ്ഘര്‍ കുന്ന്. സംരക്ഷിതമേഖലയിലുള്ള ഈ കുന്ന് വിന്ധ്യാ - സത്പുര പര്‍വ്വതനിരകള്‍ക്ക് നടുവില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം എണ്ണൂറ്റിഏഴ് മീറ്റര്‍ ഉയരത്തിലായാണ് വിലയിക്കുന്നത്. ചരല്‍കല്ലുകളാല്‍ രൂപംകൊണ്ട ഈ കുന്നില്‍ നിന്ന് ഊറിവരുന്ന ജലം അനേകം ഉറവകള്‍ക്കും അരുവികള്‍ക്കും കാരണമായിട്ടുണ്ട്.
കുന്നിന്റെ കിഴക്കന്‍ താഴ്വാരത്തിലൂടെ സോന നദിയും ജോഹിലയുടെ കൈവഴിയും പടിഞ്ഞാറ് ഉംറാര് നദിയും ഒഴുകുന്നു. ഏറെക്കുറെ പരന്ന പ്രദേശമാണ് കുന്നിന്റെ മുകള്ഭാഗം. അതിലെ പുല്മേടുകളാവട്ടെ ചതുപ്പുനിലങ്ങളുമാണ്. കുന്നിന്റെ ചെരുവുകളില്‍ സാല്‍വൃക്ഷങ്ങളും മുളങ്കാടുകളും മനോഹരമായി അണിനിരന്നിട്ടുണ്ട്.
കീടഭക്ഷക സസ്യമായ ഡ്രൊസീറ പെല്റ്ററ്റയും മറ്റു സസ്യവിഭാഗങ്ങളായ അകോറസ് കലാമസ്, ബഞ്ച് എന്നിവയും ഈ കുന്നിന്റെ പരിസരങ്ങളില്‍ യഥേഷ്ടം കാണാം. പ്രകൃതിരമണീയതയുടെ ഉത്തമോദാഹരണമാണ് ഈ കുന്ന്. തണുത്ത അന്തരീക്ഷത്തില്‍ ചുറ്റുമുള്ള പ്രകൃതിയുടെ അസാമാന്യ ചാരുത ഇവിടെ നിന്ന് നോക്കിക്കാണാം. ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ അകലെ നിന്നേ കുന്നിന്റെ മനോഹരദൃശ്യം സഞ്ചാരികള്‍ക്ക് കാണാം.