യാത്രക്കിടെ സമയമുണ്ടെങ്കില്‍ ഗ്രാവിറ്റി പില്ലര്‍ കാണാതെ പോകരുത്. 42 അടി ഉയരമുള്ള തൂണാണിത്. മഹാസ്തംഭം എന്നും കാര്‍ത്തിക ദീപോത്സവ സ്തംഭം എന്നും ഇതിന് പേരുകളുണ്ട്. ചെന്നകേശവക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. കല്ലുകൊണ്ട് ഉയര്‍ത്തിക്കെട്ടിയ തറയിലാണ് തൂണ് ഉറപ്പിച്ചിരിക്കുന്നത്. വിജയനഗരശൈലിയുള്ള വാസ്തുവിദ്യയുടെ ഉത്തമോദാഹരണമായിട്ടാണ് ഈ കൂറ്റന്‍ തൂണ് പരിഗണിക്കപ്പെടുന്നത്. അതിന്റെ 3 ഭാഗങ്ങള്‍ മാത്രമേ തറയില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ളൂ. ഉറപ്പിക്കാതെ നില്ക്കുന്ന നാലാമത്തെ ഭാഗത്തെ വിടവിലൂടെ കടലാസ് കഷണങ്ങളും തൂവാലയുമെല്ലാം കടത്തി തിരിച്ചെടുക്കാവുന്നതാണ്. സഞ്ചാരികള്‍ സംശയം തീര്‍ക്കാനായി ഇത് ചെയ്തുനോക്കുന്നത് സ്തംഭത്തിനടുത്തെ സ്ഥിരം കാഴ്ചയാണ്.