വാട്ടര്‍സ്പോര്‍ട്സ് അടക്കം നിരവധി വിനോദങ്ങള്‍ക്ക് അവസരമുള്ള ഗോവയിലെ തിരക്കേറിയ ഒരു ബീച്ചാണ് ബോഗ്മാലോ. സ്ഥിരമായി ആള്‍ത്തിരക്കുണ്ടാകാറുള്ള വാസ്കോ ഡ ഗാമയ്ക്ക് സമീപത്തായാണ് ബോഗ്മാലോ ബീച്ച്. വാസ്കോ എന്ന് ആളുകള്‍ ചുരുക്കി വിളിക്കുന്ന വാസ്കോ ഡ ഗാമയ്ക്ക് സമീപത്താണ് എന്നതുതന്നെയാണ് ബോഗ്മാലോ ബീച്ചിന്റെ പ്രധാന സവിശേഷത. കൂടാതെ എയര്‍പോര്‍ട്ടും ഇതിന് തൊട്ടടുത്താണ്.
രാവിലെ മുതല്‍ കടല്‍ക്കാഴ്ചകള്‍ കണ്ട് നടന്ന്, ഉച്ചയോടെ നേവല്‍ ഏവിയേഷന്‍ മ്യൂസിയവും കണ്ട് മറ്റ് ബീച്ചുകളിലേക്ക് പോകാം. ഡോണ പോലയിലേക്കോ അല്ലെങ്കില്‍ ബോഗ്മാലോ ബീച്ച് റിസോര്ട്ടിനരികിലേക്കോ ഫെരി ബോട്ടിംഗിന് പോകാനുള്ള സൗകര്യമുണ്ട് ഇവിടെ. വൃത്തിയായി പാചകം ചെയ്ത കടല്‍വിഭവങ്ങളും വൈനും കിട്ടുന്ന ചെറു ചെറു കുടിലുകളും ഇവിടെ നിരവധിയാണ്. സ്ട്രീറ്റ് ഷോപ്പിംഗാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.
സ്കൂബ ഡൈംവിഗ് ആണ് ബോഗ്മാലോ ബീച്ചിലെ പ്രധാനപ്പെട്ട മറ്റൊരാകര്‍ഷണം. ഇവിടെ വിദേശികളും സ്വദേശികളുമടക്കം നിരവധി സഞ്ചാരികളെത്തുന്നു. ഇന്ത്യയിലെ പടിഞ്ഞാറന്‍ തീരത്തെ ആദ്യത്തെ ഡൈംവിഗ് സെന്റര്‍ കൂടിയാണിത്. ഇന്ത്യന്‍ നേവിയുടെയും അതിന്റെ ചരിത്രവും വിവരിക്കുന്ന നേവല്‍ ഏവിയേഷന്‍ മ്യൂസിയം ബോഗ്മാലോ ബീച്ചില്‍ നിന്നും വളരെ അടുത്താണ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുമാര്‍ റോന്തുചുറ്റുന്ന ബോഗ്മാലോ ബീച്ച് സീസണില്‍ ഏത് സമയത്തും കടലില്‍ കുളിക്കാന്‍ പറ്റുന്ന തരത്തില്‍ വൃത്തിയുള്ളതാണ്.
വിമാനത്താവളത്തില്‍ നിന്നും കേവലം അഞ്ച് കിലോമീറ്റര്‍ അകലത്തിലാണ് ബോഗ്മാലോ ബീച്ച്. ഇവിടേക്ക് എത്താനായി വിമാനത്താവളത്തില്‍ നിന്നും ടാക്സി പിടിക്കുകയോ ചുറ്റിക്കറങ്ങാനായി ബൈക്ക് വാടകയ്ക്കെടുക്കുകയോ ചെയ്യാം. മനോഹരമായ വാസ്കോ നഗരം പറ്റുമെങ്കില്‍ നടന്നുകണ്ട് ആസ്വദിക്കേണ്ട ഒന്നാണ്. വാസ്കോ, ഡബോലിം റെയില്വേസ്റ്റേഷനുകളില് നിന്നും എളുപ്പത്തില്‍ ബോഗ്മാലോ ബീച്ചിലെത്താം.