ബോംദിലയിലെ ബുദ്ധ സന്യാസികളും ലാമമാരും താമസിക്കുന്ന സ്ഥലമാണ് ജിആര്‍എല്‍ വിഹാരം എന്നറയിപ്പെടുന്ന ഗോണ്സ്റ്റെ ഗാദെന്‍ റബ്ജിയെല് ലിങ് വിഹാരം. മഹായാന ബുദ്ധമതത്തിലെ ലാമവിശ്വാസികളുടെ കേന്ദ്രം കൂടിയാണിത്. അരുണാചല്‍ പ്രദേശിലെ വെസ്റ്റേണ്‍ കമേങ് ജില്ലയിലാണ് ജിആര്‍എല്‍ സ്ഥിതി ചെയ്യുന്നത്. 1965-66 കാലഘട്ടത്തില്‍ സോന ഗോണ്സ്റ്റെ റിന്‍പോച്ചെയുടെ പന്ത്രണ്ടാം പുനരവതാരം പണികഴിപ്പിച്ചതാണിത്.
പ്രധാന ഗോംമ്പയ്ക്ക് മൂന്ന് വിഭാഗങ്ങളുണ്ട്. ലോവര്‍ ഗോംമ്പ, മധ്യഗോംമ്പ, അപ്പര്‍ ഗോംമ്പ എന്നിവയാണത്. അപ്പര്‍ ഗോംമ്പയാണ് പ്രധാന വിഹാരം. പ്രധാന വിപണിയുടെ ഏറ്റവും അവസാനം സ്ഥിതി ചെയ്യുന്ന ലോവര്‍ ഗോംമ്പ ടിബറ്റന്‍ നിര്‍മ്മാണ ശൈലിയുടെ സമൃദ്ധി പ്രതിഫലിക്കുന്നതാണ്. പ്രധാന വിപണിയില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് മധ്യ ഗോംമ്പ സ്ഥിതി ചെയ്യുന്നത്. ലോവര്‍ ഗോംമ്പയ്ക്കുളില് വലിയൊരു പ്രാര്‍ത്ഥന മുറിയുണ്ട്. ഗോംമ്പയിലെ മണികള്‍ മുഴക്കിയാല്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് വിശ്വാസം. മധ്യ ഗോംമ്പയില് ധാന്യനത്തിലിരിക്കുന്ന നീല ബുദ്ധന് ഉണ്ട്. ധ്യാനത്തിന്റെ ദേവനെന്നും അറിയപ്പെടുന്ന ഈ വിഗ്രഹം നാട്ടുകാരുടെ രോഗങ്ങള്‍ ഭേദമാക്കുമെന്നാണ് വിശ്വാസം. രോഗശാന്തിക്കായി ആളുകള്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കുകയും ധ്യാനത്തിലിരിക്കുകയും ചെയ്യാറുണ്ട്. മൂന്ന് ഗോംമ്പകളിലും ഏറ്റവും പഴക്കം മധ്യ ഗോംമ്പയ്ക്കാണ്. വിഹാരത്തിന്റെ പ്രധാന ഭാഗം അപ്പര്‍ ഗോംമ്പയാണ്. സന്യാസികളുടെ കുട്ടികള്‍ക്കായി ഇതില്‍ ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഒരു പ്രാര്‍ത്ഥന മുറിയും ബുദ്ധ ക്ഷേത്രവുമുണ്ട്. സമാധാനപൂര്‍ണമായ ബുദ്ധമത പ്രഭാഷണങ്ങളാല്‍ ഇവിടം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കാറുണ്ട്. പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ വിഹാരം മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത ശാന്തതയാണ് നല്‍കുക. തെക്കന്‍ ടിബറ്റിലെ സോനയിലെ സോന ഗോണ്സ്റ്റെ വിഹാരത്തിന്റെ നേര് പകര്‍പ്പാണ് ഈ ഗോംമ്പയെന്നാണ് പറയപ്പെടുന്നത്. ലാമകളും സന്യാസിമാരും സ്ഥിരമായി പ്രാര്‍ത്ഥന നടത്തി കൊണ്ടിരിക്കുന്ന ഒരു പ്രാര്‍ത്ഥന മുറി ജിആര്‍എല്‍ വിഹാരത്തിലുണ്ട്. പ്രധാന ഗോംമ്പയ്ക്കടുത്തുള്ള താമസ സ്ഥലത്താണ് ലാമകള്‍ താമസിക്കുന്നത്. മുതിര്‍ന്ന ലാമമാര്‍ ചെറിയ ലാമമാര്‍ക്ക് തന്ത്രയാന , ആശ്രമ ജീവിത ശൈലി എന്നിവ പഠിപ്പിച്ചു കൊടുക്കും.