മടിക്കേരി ടൗണിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ക്ഷേത്രമുള്ളത്. 1820ല്‍ ലിംഗരാജേന്ദ്ര രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇസ്ലാം ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം നയനമനോഹരമാണ്. ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ കാലത്താണ് ഇവിടെ ഇസ്ലാം സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടായത്.
ക്ഷേത്രത്തിന് ഒരു പ്രധാന താഴികക്കുടവും ചുറ്റുമായി നാല് ഗോപുരങ്ങളുമുണ്ട്, ഇവയ്ക്ക് മുകളിലും ചെറി താഴികക്കുടങ്ങളുണ്ട്. ഒരു ദര്ഗയേയോ മുസ്ലീം പള്ളിയേയോ ഒക്കെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ താഴികക്കുടവും ഗോപുരങ്ങളും. ക്ഷേത്രത്തിന്റെ കവാടത്തിലാണ് ശിവലിംഗമുള്ളത്. ക്ഷേത്രത്തിനകത്ത് ഒരു കുളവുമുണ്ട്. ഇതിന് നടുക്കായി ഒരു മണ്ഡപവും അതിലേയ്ക്ക് പോകാനൊരു വഴിയുമുണ്ട്.കാശിയില്‍ നിന്നാണ് ശിവലിംഗം ഇവിടെയെത്തിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇതിന് പിന്നിലൊരു കഥയുണ്ട്. ഈ രാജാവ് തന്റെ രാഷ്ട്രീയനേട്ടത്തിനായി ഒരു ബ്രാഹ്മണനെ വധിച്ചുവത്രേ. പിന്നീട് ഈ ബ്രഹ്മാവിന്റെ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറി, രക്ഷസ്സിന്റെ ശാപമേല്ക്കാതിരിക്കാന് എന്തും ചെയ്യാമെന്ന് പറഞ്ഞ രാജാവിനോട് രക്ഷസ് ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. അപ്രകാരം പണിതതാണ് ക്ഷേത്രമെന്നാണ് വിശ്വാസം. മുസ്ലീം വാസ്തുവിദ്യാശൈലിയുടെ സ്പര്‍ശമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓംകാരേശ്വര ക്ഷേത്രം.