കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തിയിലാണ് സോനാനദി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 301.18 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേതം ഏഷ്യന്‍ ആനകള്‍ക്കും കടുവകള്‍ക്കും പ്രശസ്തമാണ്. സമീപത്തു കൂടി ഒഴുകുന്ന സോനാനദിയുടെ പേരില്‍ നിന്നാണ് വന്യജീവി സങ്കേതത്തിന്റെ പേര് രൂപപ്പെട്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ ഉഷ്ണമേഖലാ വനത്തിന് ഉത്തമ ഉദാഹരണമാണ് സോനാനദി വന്യജീവി സങ്കേതം.
സാല്, ശീഷം, സെമല്‍, ഹലാഡു, കുസും, രോഹിണി, ഓന്‍ല, ജാമുന്, കാന്ത്ബെര്, അത്തിമരം, മുള, ബാക്ലി തുടങ്ങിയ വിവിധയിനം വൃക്ഷങ്ങള്‍ ഇവിടെ വളരുന്നുണ്ട്. ലോകത്തുള്ള മൊത്തം പക്ഷി വര്‍ഗ്ഗങ്ങളുടെ ആറു ശതമാനത്തോളം വരുന്ന 600ല്‍ അധികം പക്ഷികളും ഇവിടെ അധിവസിക്കുന്നു. ത്രഷ്, വാര്‍ബ്ളേഴ്സ്, ചകോരങ്ങള്‍, ഫ്ളൈക്യാച്ചര്‍, വേഴാമ്പല്‍, വാള് ക്രീപ്പര്‍, ചെയ്ഞ്ചബിള്‍ ഹ്വാക് ഈഗിള്‍, മരതകപ്രാവ്, ഹിമാലയന്‍ പൈഡ് കിങ്ഫിഷര്‍, ഹിമാലയന്‍ ബിയേഡഡ് വള്‍ച്ചര്‍, ഷഹീന് ഫാല്‍ക്കണ്‍, ബ്രൗണ്‍, ടൗണി ഫിഷ് ഔള്‍ എന്നിവ ഇവിടെ ധാരാളമായി കാണപ്പെടുന്ന പക്ഷികളാണ്.
ആന, കടുവ, ഉരഗങ്ങള്‍, ഉടുമ്പ്, രാജവെമ്പാല, ആമ, ഗംഗായ്റ്റിക് ഖരിയാല്, മുതല, പുള്ളിപ്പുലി, സമ്പാര്‍, കലമാന്‍, ബാര്‍ക്കിംഗ് ഡിയര്‍, കാട്ടുപന്നി, ഗോരല്‍, നീര്‍നായ്, മുള്ളന്‍പന്നി, യെല്ലോ ത്രോട്ടഡ് മാര്‍ട്ടെന്‍, കരടി എന്നിവയും ഇവിടെ ജീവിക്കുന്നു. സോനാനദി വന്യജീവി സങ്കേതവും കോര്‍ബറ്റ് ദേശീയ ഉദ്യാനവും ചേര്‍ന്നാണ് കോര്‍ബറ്റ് കടുവാ സംരക്ഷണ കേന്ദ്രം എന്ന് അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം കടുവകള്‍ അധിവസിക്കുന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനം ഈ കടുവാ സംരക്ഷണ കേന്ദ്രത്തിന് അവകാശപ്പെട്ടതാണ്.