ഡല്‍ഹൌസിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയാണ് കലടോപ് വന്യജീവി സങ്കേതം. കലടോപ് ഖജ്ജയര്‍ സങ്കേതം എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. 1962 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഇവിടമാകെ ദേവ ദാരു വൃക്ഷങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് കലടോപ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ദേവ ദാരു,പൈന്‍,ഫിര്‍ മരങ്ങളാണ് ഇവിടെ അധികവും. അപൂര്‍വ്വങ്ങളായ ഒട്ടേറെ പക്ഷി മൃഗാധികളുടെ നിറ സാന്നിധ്യമാണ് ഇവിടെ കാണാന്‍ സാധിക്കുക. പുള്ളിപ്പുലി,കരടി,മാന്‍,കുറുക്കന്,അണ്ണാന്,ഗോറല്‍,ലങ്ഗുര്,ഹിമാലയന്‍ ബ്ലാക്ക് മാര്‍ട്ടന്‍ തുടങ്ങി ഒട്ടേറെ ജന്തുക്കളുടെ കേന്ദ്രമാണിത്. ഒട്ടേറെ പറവകളുടെ വാസസ്ഥലമെന്ന നിലയില്‍ പക്ഷി നിരീക്ഷകരുടെ ഇഷ്ട പ്രദേശം കൂടിയാണിത്.
ഇതിനുള്ളിലൂടെ ഒഴുകുന്ന അരുവി വടക്ക് രവി നദിയുമായി കൂടിച്ചേരുന്നു. ഇവിടേക്കുള്ള റോഡുകളെല്ലാം തന്നെ ഭംഗിയായി പരിപാലിച്ചു പോരുന്നതിനാല്‍ യാത്രികര്‍ക്ക് വളരെ സുഗമമായി ഇവിടെ എത്താനാകും. ചമ്പ ഡിസ്ട്രിക്ട് ഫോറെസ്റ്റ് ഓഫീസറുടെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ വാഹനങ്ങള്‍ ഇതിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കൂ. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സീസണാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. കൂടാതെ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്തും യാത്രികരുടെ തിരക്ക് അനുഭവപ്പെടാറുണ്ട്.