എണ്ണൂറ് വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ദിഗംബര്‍ ജെയിന് ലാല്‍ ക്ഷേത്രത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. ശൈവിസവുമായി ബന്ധപ്പെട്ട പ്രധാനക്ഷേത്രങ്ങളില്‍ ഒന്നാണിത്. വെള്ളിയില്‍ തീര്‍ത്ത ഒരു സര്‍പ്പം ചുറ്റിക്കിടക്കുന്ന രീതിയിലാണ് ഇവിടുത്തെ ശിവലിംഗത്തിന്റെ പ്രതിഷ്ഠ. വലിയ ശിവഭക്തനായിരുന്ന അപ ഗംഗാധര്‍ എന്ന ഒരു മറാത്ത ഭടനാണ് ഈ ക്ഷേത്രം പണിതത്. ഒരു യുദ്ധത്തില്‍ മാരകമായി പരുക്കേറ്റ ഇദ്ദേഹം താന്‍ സുഖപ്പെടുകയാണെങ്കില്‍ ഒരു ശിവക്ഷേത്രം പണിയാമെന്ന് വാക്കുനല്കി പ്രാര്ഥിയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹം പരുക്കുകളില്‍ നിന്നും രക്ഷപ്പെടുകയും ക്ഷേത്രം പണിയുകയുമായിരുന്നുവെന്നാണ് കഥ. 1761ലാണ് ചാന്ദ്നി ചൗക്കില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പണിതത്. ക്ഷേത്രത്തിന്റെ പിരമിഡ് ആകൃതിയിലുള്ള മേല്‍ക്കൂരയുടെ അടിഭാഗത്ത് ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. 1959ല്‍ സേഥ് ജെയ്പുര ഈ ക്ഷേത്രം പുതുക്കിപ്പണിതു. ഇദ്ദേഹത്തിന്റെ പേരും ക്ഷേത്രത്തിന്റെ ജാലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തിനകത്ത് ശിവന്, പാര്‍വ്വതി, പുത്രന്മാരായ ഗണപതി, കാര്‍ത്തിക് എന്നിവരുടെയെല്ലാം രൂപങ്ങലുണ്ട്. ലിംഗത്തിന് പിന്നിലായിട്ടാണ് ശിവപാര്‍വ്വതിമാരുടെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവലിംഗത്തിന് മുകളിലായി വച്ചിരിക്കുന്ന വെള്ളിപ്പാത്രത്തില്‍ നിന്നും സദാസമയവും ജലധാര ലിംഗത്തിലേയ്ക്ക് വീണുകൊണ്ടിരിക്കും. ചെങ്കോട്ടയും ജമ മസ്ജിദുമാണ് ഈ ഭാഗത്തുള്ള മറ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍.