1321ല്‍ തുഗ്ലക് സാമ്രാജ്യത്തിന്റെ ശില്പിയായ ഗിയാസ് ഉദ് ദിന് തുഗ്ലക് പണിത കോട്ടയാണ് തുഗ്ലക്കബാദ് കോട്ട. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുക. ദില്ലിയിലെ ഖില്‍ജി രാജാക്കന്മാരുടെ സാമന്തനായിരുന്നു ഒരുകാലത്ത് ഖാസി മാലിക്( ഖാസി മാലിക് പിന്നീട് തന്റെ പേര് ഗിയാസ് ഉദ് ദിന് തുഗ്ലക് എന്ന് മാറ്റുകയായിരുന്നു) ഒരിക്കല്‍ ഖില്‍ജി രാജാക്കന്മാരില് ഒരാള്‍ ഖാസിയെ കളിയാക്കുന്ന രീതിയില്‍ രാജാവാകുന്ന കാലത്ത് സ്വന്തമായി ഒരു കോട്ടപണിയാന്‍ നിര്‍ദ്ദേശിച്ചു.
രാജാവ് കളിയാക്കുന്ന രീതിയിലാണ് സാമന്തനായ ഖാസിയോട് ഇത് പറഞ്ഞതെങ്കിലും, അദ്ദേഹം അക്കാര്യം മനസില്‍ സൂക്ഷിച്ചു. പിന്നീട് 1321ല്‍ ഖില്‍ജി രാജാക്കന്മാരെയെല്ലാം പരാജയപ്പെടുത്തിയ ഖാസി ഗിയാസ് ഉദ് ദിന് തുഗ്ലക് എന്ന പേര് സ്വീകരിക്കുകയും രാജാവാകുകയും ചെയ്തു. അധികാരമേറ്റ ഉടന്‍ തന്നെ അദ്ദേഹം മനോഹരമായ ഒരു കോട്ട പണിയാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ വിചാരിച്ചപോലെ കോട്ട പണിതുയര്‍ത്താന്‍ കഴിഞ്ഞില്ല. ഖിയാസിന് ഒരു വിശുദ്ധന്റെ ശാപമേറ്റതുകൊണ്ടാണ് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതെന്നാണ് പറയപ്പെടുന്നത്. പണിപൂര്‍ത്തിയായില്ലെങ്കിലും ദില്ലിയിലെ ഏറ്റവും വലിയ കോട്ടയെന്ന പേര് തുഗ്ലക്കബാദ് കോട്ടയ്ക്കുതന്നെയാണ്.
കൊട്ടരങ്ങളും, പള്ളികലും, ഗോപുരങ്ങളും, ജലസംഭരണികളുമെല്ലാമുള്ള കൂട്ടന് കെട്ടിടമായിരുന്നു ഈ കോട്ട. ഇന്ത്യയിലെ മറ്റേതൊരു കോട്ടയേക്കാളും കരുത്തേറിയ ചുറ്റുമതിലാണ് ഈ കോട്ടയ്ക്കുള്ളത്. വെറുമൊരു കോട്ട എന്നതിലുപരി ഒരു പ്രതിരോധ സ്ഥാനമെന്ന നിലയ്ക്കാണ് തുഗ്ലക് ഇത് പണിതത്.
ദില്ലിയിലെ മൂന്നാം നഗരമായിരുന്നു തുഗ്ലക്കബാദ്. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങളാണ് കാണാന്‍ കവിയുക. ഖുത്തബ് സമുച്ചയത്തിന് അടുത്തായിട്ടാണ് തുഗ്ലക്കബാദ് കോട്ട സ്ഥിതിചെയ്യുന്നത്.