ഭൂമിയിലെ ഏറ്റവും മഴയുള്ള സ്ഥലമെന്ന് ഒരിക്കല്‍ രേഖപെടുത്തിയിരുന്ന സ്ഥലമാണ് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മാവ്സിന്റാം ഗ്രാമം. ഷില്ലോങില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണിത്. കുത്തനെയുള്ള ഹരിതാഭമാര്‍ന്ന നിരവധി മലകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മാവ്സിന്റാം പ്രകൃതി സ്നേഹികളുടെ സ്വര്‍ഗമെന്നാണ് അറിയപ്പെടുന്നത്. മാവ്ജിംബ്യുന് ഗുഹയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
ഗുഹ നിറയെ വൈവിധ്യമാര്‍ന്ന കല്പുറ്റുകളാണ്. ധാതു ലായിനികള്‍, കാല്‍സ്യം കാര്‍ബോണേറ്റ് എന്നിവയുടെ നിക്ഷേപത്താല്‍ വര്‍ഷങ്ങള്‍ കൊണ്ട് രൂപപെട്ടതാണിത്. സിംപര് പാറ എന്നു വിളിക്കുന്ന കുംഭരൂപത്തിലുള്ള ഒരു പാറ ഗുഹയ്ക്കുള്ളിലുണ്ട്. ഖ്രെങ് ഖ്രെങ് വ്യൂപോയിന്റ്, ജക്രേംചൂട് നീരുറവ, റിത്മാവ്ക്സിര് വ്യൂപോയിന്റ് എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്ഷണങ്ങള്. സമീപത്തുള്ള എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവസരം നല്കുന്ന മേഘാലയ ടൂറിസം ബസ് തിരഞ്ഞെടുക്കുന്നതായിരിക്കും ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.