എറണാകുളം ജില്ലയില്‍ കൊച്ചി നഗരം ഒഴികേയുള്ള ഉള്‍നാടന്‍ പ്രദേശങ്ങളാണ് എറണാകുളം എന്ന പേരില്‍ അറിയപ്പെടുന്നത്. ശിവന് ആരാധനാ മൂര്‍ത്തിയായ എറണാകുളത്തപ്പന് ക്ഷേത്രം സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. കുറേക്കാലം മുന്‍പ് ഒരു വലിയ കുളമായിരുന്നുവത്രേ ഈ പ്രദേശത്തുണ്ടായിരുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ പ്രധാന പ്രദേശമായ എറണാകുളം കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്ന നിലയിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
വ്യാവസായിക വളര്‍ച്ചയ്ക്കപ്പുറം സ്വദേശികളേയും വിദേശികളേയും ഒരു പോലെ ആകര്‍ഷിക്കുന്ന മഹത്തായ സംസ്ക്കാരങ്ങളിലൂന്നിയ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെയുണ്ട്. ഇടപ്പള്ളി പെരുന്നാള്‍, ജൂത ഉത്സവം തുടങ്ങി പല ഉത്സവങ്ങളും നഗരത്തില്‍ നടക്കാറുണ്ട്.
സഞ്ചാരികളുടെ സ്വര്‍ഗ്ഗം
ബോള്‍ഗാട്ടി പാലസ്, കൊച്ചി മറൈന്‍ ഡ്രൈവ്, പ്രിന്‍സസ് സ്ട്രീറ്റ്, ചോറ്റാനിക്കര ക്ഷേത്രം തുടങ്ങി എറണാകുളത്തെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ച്ച നിരവധിയാണ്.ഒരു സഞ്ചാരി ആഗ്രഹിക്കുന്നതെല്ലാം എറണാങ്കുളത്തുണ്ടെന്ന് പറയുന്നതാകും ശരി. ഇന്ത്യയിലെ ആദ്യത്തെ പുകവലി നിരോധിത നഗരവും എറണാകുളം തന്നെ.
ആള്‍ക്കൂട്ടത്തിലും തിരക്കിലും അലയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എറണാകുളം മികച്ച അനുഭവമായിരിക്കുമെന്നുറപ്പ്. ഒട്ടേറെ കച്ചവടത്തെരിവുകളും മാളുകളും ,പാര്‍ക്കുകളും എറണാങ്കുളത്തെ തിരക്കിലമര്ത്തുന്നു. മട്ടാഞ്ചേരിയും, ഫോര്‍ട്ട് കൊച്ചിയും ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെ കാണാനുണ്ട്. ചുരുക്കം പറഞ്ഞാല്‍ എറണാകുളത്തെത്തുന്ന ആരും വിഷമത്തോടെ മടങ്ങിപ്പോകില്ല.
യാത്രാ സൗകര്യങ്ങള്‍
കേരളത്തിലെ എല്ലാ നഗരങ്ങളുമായും നിരവധി യാത്രാ സൗകര്യങ്ങള്‍ വഴി ബന്ധിപ്പിക്കപ്പെട്ട നഗരമാണ് എറണാകുളം.ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാര്ക്കെത്താം.ഇന്ത്യുടെ പല ഭാഗങ്ങളില്‍ നിന്നും എറണാകുളത്തേക്ക് ട്രെയിന്‍ സര്‍വ്വീസുകളും ലഭ്യമാണ്.ഇതുപോലെ നഗരത്തിലേക്കുള്ള ബസ്സ് യാത്രയ്ക്കും വിഷമമില്ല.