ഗഡാഗിലെ ഒരു കൊച്ചു ഗ്രാമമാണ് ലക്കുണ്ടി. കുക്നൂറില് നിന്നും ഇവിടേക്ക് 50 കിലോമീറ്റര്‍ ദൂരമാണുള്ളത്. ചാലൂക്യ കാലത്ത് നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമാണ് ഇവിടം. ഇതില്‍ പല ക്ഷേത്രങ്ങളും നാശത്തിന്റെ പാതയിലാണ്. മല്ലികാര്‍ജ്ജുന ക്ഷേത്രം, സോമേശ്വര ക്ഷേത്രം, നീലകണ്ഠേശ്വര ക്ഷേത്രം, ലക്ഷ്മീ നാരായണ ക്ഷേത്രം എന്നിങ്ങനെ ചില ക്ഷേത്രങ്ങള്‍ ഇപ്പോഴും ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ലക്കുണ്ടിയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ക്ഷേത്രങ്ങളുടെ സ്വര്‍ഗം എന്നൊരു വിളിപ്പേരും ലക്കുണ്ടിക്കുണ്ട്. പരസ്പരം അഭിമുഖമായി നില്ക്കുന്ന രണ്ട് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ശിവനും സൂര്യഭഗവാനുമാണ് ഇവയിലെ പ്രതിഷ്ഠ. ഹൊയ്സാല, ചാലൂക്യ കാലഘട്ടങ്ങളിലെ നിര്‍മാണ വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ലക്കുണ്ടിയിലെ ക്ഷേത്രങ്ങള്‍.ഗഡാഗില്‍ നിന്നും തെക്കു പടിഞ്ഞാറായാണ് ലക്കുണ്ടിയുടെ നില്പ്. ഗഡാഗില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബസ്സില്‍ വളരെയെളുപ്പം ഇവിടെയെത്തിച്ചേരാന്‍ സാധിക്കും. ഡംബലില്‍ നിന്നോ ഗഡാഗില്‍ നിന്നോ ഓട്ടോ റിക്ഷയിലും സഞ്ചാരികള്‍ ലക്കുണ്ടിയിലെത്താറുണ്ട്.