ബെഹ്റാംപൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം മൗര്യ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങളാണ്. മൗര്യകാലത്തെ കൊത്തുപണികളോട് കൂടിയ നിരവധി കല്ലുകള്‍ ഇവിടെ കാണാം. റുഷികുല്യ നദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ റുഷികുല്യ തീരത്ത് നിലനിന്നിരുന്ന ഒരു സംസ്കാരത്തിന്‍െറ തെളിവുകളും ഇവിടെ കാണാം.
ചതുരാകൃതിയിലുള്ള കോട്ടയാണ് ഇവിടെയുണ്ടായിരുന്നതെന്ന് ഇവിടത്തെ അവശിഷ്ടങ്ങള്‍ കാണിക്കുന്നു. ഇവിടെ കാണപ്പെടുന്ന ചെളി ഉപയോഗിച്ചാണ് കോട്ടയുടെ മതിലുകളും ടവറുകളും തീര്‍ത്തിരിക്കുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങള്‍ കാണിക്കുന്നു. ലിഖിതങ്ങള്‍ രേഖപ്പെടുത്തിയ കൊത്തുപണികളോടെയുള്ള കല്ലുകളും ഇവിടെ നിന്ന് ഉദ്ഖനനം ചെയ്തെടുത്തിട്ടുണ്ട്. പ്രമുഖമായ കലേശ്വര്‍,രാമേശ്വര്‍ ക്ഷേത്രവും ഇതിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശിവനും വിഷ്ണുവും ഒരുമിച്ചുള്ള അപൂര്‍വ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്.