ചതുരാകൃതിയിലുള്ള മണ്ഡപമാണിത്. ചക്രവര്‍ത്തിയായിരുന്ന കൃഷ്ണദേവരായര്‍ ഉദയഗിരി (ഇന്നത്തെ ഒറീസ) പിടിച്ചടക്കിയതിനു സ്മാരകമായി പണിതുയര്‍ത്തിയതാണ് മഹാനവമി മണ്ഡപം. ഹംപിയിലെ കൊട്ടാരസമുച്ചയത്തില്‍ ഏറ്റവും ഉയരം കൂടിയത് ഈ മൂന്നുനില കെട്ടിടമാണ് . അതിനാല്‍ത്തന്നെ സമീപത്തുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം മഹാനവമി മണ്ഡപം വ്യക്തമായി കണാന്‍ കഴിയും.
ഈ മണ്ഡപവും അതിശയിപ്പിക്കുന്ന കൊത്തുപണികളാല്‍ അലംകൃതമാണ്.സഞ്ചാരികള്‍ക്ക് രണ്ട് ഗോവണികളിലൂടെയായി ഇതിന് മുകളിലെത്താം. മുകളിലെത്തിയ ശേഷം സമീപപ്രദേശങ്ങളിലെ കാഴ്ചകള്‍ ആസ്വദിക്കുകയുമാവാം. ഒരു ഗോവണി മുന്‍ഭാഗത്തും മറ്റൊന്ന് പിന്‍ഭാഗത്തുമായിട്ടാണ് പണിതിരിക്കുന്നത്. പിന്നീട് വന്ന ചക്രവര്‍ത്തിമാര്‍ നവരാത്രി (ദസറ) മഹോത്സവത്തിനു സൈന്യത്തിന്റെ ഘോഷയാത്ര വീക്ഷിച്ചിരുന്നതും, രാജകീയ വിനോദങ്ങള്‍ക്കായി ഉപയോഗിച്ചുവന്നതും ഈ മണ്ഡപമായിരുന്നു.