പതിനേഴാം നൂറ്റാണ്ടു മുതല്‍ മണിപ്പൂരിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നതാണ് കാങ്ക്ല കൊട്ടാരം.വരണ്ട ഭൂമി എന്നര്‍ത്ഥം വരുന്ന മെയ്റ്റി ഭാഷയിലുള്ള വാക്കില്‍ നിന്നാണ് കാങ്ക്ല എന്ന പേര് വന്നത്. കാങ്ക്ല കൊട്ടാരം, കാങ്ക്ല കോട്ട എന്ന പേരിലും അറിയപ്പെടുന്നു. ഇംഫാല്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ 'ഫോര്‍ട്രസ് സിറ്റി' (കോട്ട നഗരം) എന്നും ഇവിടം അറിയപ്പെടുന്നു.
കോട്ടയുടെ ഏറിയ ഭാഗവും ഇപ്പോള്‍ നശിച്ച് പോയിട്ടുണ്ട്. എന്നിരുന്നാലും ഒരു കാലത്ത് രാഷ്ട്രീയമായും, മതപരമായും പ്രധാനപ്പെട്ട ഒരിടമായിരുന്നു ഇതെന്ന് മനസിലാക്കാന്‍ പ്രയാസമില്ല. കാങ്ക്ല ഭരിച്ചിരുന്ന മെയ്റ്റി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. ഇഷ്ടികയാല്‍ നിര്‍മ്മിച്ച ഭീമാകാരമായചുവരുള്ള സ്ഥലം തടവറയായി ഉപയോഗിക്കപ്പെട്ടിരുന്നിടമാണ്. എ.ഡി 1632 ല്‍ ചൈനീസ് തടവുകാരെ ഇവിടെ പാര്‍പ്പിച്ചിരുന്നു.
1891 ല്‍ ആംഗ്ലോ-മണിപ്പൂര്‍ യുദ്ധത്തില്‍ രാജാക്കന്മാര്ക്ക് അധികാരം നഷ്ടപ്പെടുകയും കോട്ട ബ്രിട്ടീഷുകാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ആസാം റൈഫിള്‍സിന്റെ ആസ്ഥാനമായിരുന്നു ഇവിടം. 2004 ല്‍ മാത്രമാണ് കോട്ട സംസ്ഥാന സര്‍ക്കാരിന് കൈമാറപ്പെട്ടത്.