പിറ്റ്ചര്‍ പ്ളാന്റ് (മാംസഭോജിയായ ഒരിനം സസ്യം) തോട്ടത്തിന് നടുവിലാണ് ജരൈന് പിറ്റ്ചര്‍ പ്ളാന്റ് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന് ഈ പേര് ലഭിച്ചത് ഈ പൂന്തോട്ടത്തില്‍ നിന്നാണ്. മേഘായല സര്‍ക്കാരിന്റെ മണ്ണ്-ജല സംരക്ഷണ വകുപ്പാണ് ഈ തടാകം നിര്‍മ്മിച്ചത്. ജരൈന് പിറ്റ്ചര്‍ പ്ളാന്റ് തടാകം സ്ഥിതി ചെയ്യുന്നത് ജോവൈ- അംലാറെം റോഡിലാണ്.
ഏതാണ്ട് അമ്പതിനായിരം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്നതാണ് ഇവിടുത്തെ പിറ്റ്ചര്‍ പ്ളാന്റ് തോട്ടം. നെപ്പന്തസ് ഖാസിയാനാ എന്ന മാംസഭോജിയായ ചെടികളാണ് ഇവിടെയുള്ളത്. ബോട്ട് ഹൗസ് മുതല്‍ തടാകത്തിന് നടുവിലെ ജലധാര (ഫൗന്റന്) ഉള്‍പ്പെടെ ഇവിടെ കാണുന്ന എല്ലാം പിറ്റ്ചര്‍ പ്ളാന്റിനെ ഓര്‍മ്മിപ്പിക്കും.
ഹരിതഭവനം, കമാനാകൃതിയിലുള്ള പാലം, കല്ലുപാകിയ നടപ്പാതകള്‍ എന്നിവയും ഇവിടെ കാണാം. തടാകത്തിലെ ജലത്തില്‍ പ്രതിഫലിക്കുന്ന മലനിരകള്‍ ഇവിടുത്തെ മറ്റൊരു മനോഹര കാഴ്ചയാണ്. ബോട്ട് സവാരിക്കുള്ള സൗകര്യങ്ങളും തടാകത്തിലുണ്ട്. ധാരാളം ദേശാടനപക്ഷികളെയും ഇവിടെ കാണാനാകും. അതുകൊണ്ട് പക്ഷി നിരീക്ഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് തടാക സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും, തീര്‍ച്ച.
നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഷില്ലോംഗില്‍ നിന്ന് ടാക്സിയില്‍ ഇവിടെ എത്താവുന്നതാണ്.