കഡപ്പയില്‍ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. 1982ലാണ് ഈ മ്യൂസിയംപണിതത്. ഇവിടുത്തെ ജൈനമതക്കാരുടെ ശ്രമഫലമായിട്ടാണ് ഇത്തരത്തിലൊരു മ്യൂസിയം സ്ഥാപിതമായത്. ജൈന മതവുമായി ബന്ധപ്പെട്ടുള്ളകാര്യങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പഴയകാലത്തെ ചിത്രങ്ങളും, വാസ്തുവിദ്യാ മാതൃകകളുമെല്ലാം ഇവിടെയുണ്ട്.
കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങള്, വെങ്കലത്തിലും മറ്റും നിര്‍മ്മിച്ച നാണയങ്ങള്‍, കളിമണ്‍ നിര്‍മ്മിതികള്‍ എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കാഴ്ചകള്‍. ഇന്ത്യയില്‍ ജൈനമതം പ്രതാപത്തോടെ നിലനിന്നിരുന്ന കാലത്തുള്ള പല വസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. നന്ദലൂര്‍, ഗുണ്ടലൂര്, തിമ്മയ്യപാളയം, പൊലി, കൊളത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കൊണ്ടുവന്നവയാണ് പല വസ്തുക്കളും. എഡി അഞ്ചാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലുമെല്ലാമുള്ളവയാണ് പല വസ്തുക്കളും. പലതും പുരാവസ്തുഖനനത്തിനിടെയും മറ്റുമായി കണ്ടെത്തിയ വസ്തുക്കളാണ്. ജൈനമതവുമായി ബന്ധപ്പെട്ടവയെല്ലാം ഒന്നിച്ചുസൂക്ഷിയ്ക്കുകെന്ന ആശയത്തില്‍ നിന്നാണ് ഈ മ്യൂസിയം ഉണ്ടായത്.
ഇവിടുത്തെ വസ്തുക്കളുടെ കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു ഗണപതി വിഗ്രഹം കൂടിയുണ്ട്. ആനയുടേതിന് സമമായ കാലുകളോടു കൂടിയതാണ് ഈ വിഗ്രഹം. മുടി കെട്ടിയ രീതിയിലുള്ള ഹനുമാന് വിഗ്രഹവും ഗംഗയെ തലയില്‍ ചൂടിയതിന് പകരം അരികില്‍ നിന്നും ഗംഗ ഉത്ഭവിയ്ക്കുന്ന രീതിയിലുള്ള ശിവ വിഗ്രഹവും ഇക്കൂട്ടത്തിലുണ്ട്.