ശ്രീകാളഹസ്തിയിലെ ചെറിയൊരു കുന്നിന് മുകളിലാണ് ശ്രീ കണ്ണപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവഭക്തനായ കണ്ണപ്പയാണ് ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി. കണ്ണപ്പ അര്‍ജ്ജുനന്റെ പുനരവതാരമായാണ് കണക്കാക്കപ്പെടുന്നത്.
ഇലകളും പൊടുയും കൊണ്ട് മൂടപ്പെട്ട ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആദിവാസി യുവാവായ കണ്ണപ്പ ശിവഭക്തനായി തീര്‍ന്നു. കണ്ണപ്പ സമീപത്തെ അരുവിയില്‍ നിന്ന് വായില്‍ വെള്ളം കൊണ്ട് വന്ന് ശിവലിംഗം വൃത്തിയാക്കുകയും ഒരു കാട്ടുപന്നിയെ കൊന്ന് ഭഗവാന് ആഹാരമായി സമര്‍പ്പിക്കുകയും ചെയ്തു. ആചാരങ്ങള്‍ വിരുദ്ധമായ ഈ പ്രവൃത്തികള്‍ കണ്ട് ഒരു പുരോഹിതന് കണ്ണപ്പയുടെ ഭക്തി ചോദ്യം ചെയ്യുകയും മറ്റു ശിവഭക്തന്മാരില് നിന്ന് എന്ത് സവിശേഷതയാണ് കണ്ണപ്പയ്ക്കുള്ളതെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ശിവന് കണ്ണപ്പയെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ ശിവലിംഗത്തിന്റെ കണ്ണില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. കണ്ണപ്പ രക്തസ്രാവം തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ അദ്ദേഹം തന്റെ കണ്ണ് ചൂഴ്ന്നെടുത്ത് ശിവലിംഗത്തിലെ കണ്ണിന്റെ സ്ഥാനത്ത് വയ്ക്കുകയും അതോടെ രക്തസ്രാവം നിലയ്ക്കുകയും ചെയ്തു.
ശിവന് കണ്ണപ്പയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഇനി മുതല്‍ തന്നോടൊപ്പം കണ്ണപ്പയും ആരാധിക്കപ്പെടുമെന്ന് അനുഗ്രഹിച്ചു. ഈ സംഭവങ്ങള്‍ നടന്ന സ്ഥലത്താണ് ശ്രീ കണ്ണപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇവിടെ ആരാധന നടത്താനായി എത്താറുണ്ട്.