മുസ്ലീങ്ങളെപ്പോലെതന്നെ ഹിന്ദുക്കള്‍ക്കും വിശേഷപ്പെട്ടതാണ് ഈ പള്ളി. ഹിന്ദു ദൈവമായിരുന്ന അയ്യപ്പന്റെ സുഹൃത്തായിരുന്ന വാവരുടെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചതാണത്രേ ഈ പള്ളി. ഇപ്പോഴും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തന്മാര് വാവര് പള്ളിയില്‍ പേട്ടതുള്ളുന്ന പതിവുണ്ട്. എല്ലാവര്‍ഷവും ഒട്ടേറെയാളുകള്‍ ഈ പള്ളി സന്ദര്‍ശിയ്ക്കാന്‍ എത്തുന്നുണ്ട്. കുമളിയിലൂടെയാണത്രേ പണ്ടുകാലത്ത് കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മുസ്ലീംങ്ങള്‍ കുടിയേറിയത്. തെക്കന്‍ പാണ്ടിനാട്ടിലെ പുളിയാന്ഗുണ്ടി, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും മുസ്ലീംങ്ങള്‍ ഇവിടേയ്ക്ക് കുടിയേറിയത്.
തമിഴ്നാട്ടില്‍ നിന്നും ഹിന്ദുക്കള്‍ കുടിയേറിയതുപോലെതന്നെയാണ് മുസ്ലീംങ്ങളും ഇവിടേയ്ക്കെത്തിയത്. ഇപ്പോഴും ഇവിടുത്തെ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ കേരളത്തിലെ മറ്റ് ഭാഗത്തുകാണുന്ന മുസ്ലീങ്ങളുടേതില് നിന്നും വ്യത്യസ്തമായ രീതികളും ആചാരങ്ങളും സ്ഥാനപ്പേരുകളുമെല്ലാം ഉള്ളതായി ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. പിച്ചാപ്പള്ളി മേട് പള്ളിയായിരുന്നു ആദ്യകാലത്ത് മുസ്ലീംങ്ങളുടെ ആരാധനാലയം, പിന്നീടാണ് അവര്‍ നൈനാര്‍ പള്ളി സ്ഥാപിച്ചത്. കെകെ റോഡിലെ ഇരുപത്തിനാലാം മൈലിലാണ് ഈ പള്ളിസ്ഥിതിചെയ്യുന്നത്.