വിനോദ സഞ്ചാരികള്‍ക്ക് ഹരം പകര്‍ന്നു നല്കുന്ന പ്രധാന ഉല്ലാസ കേന്ദ്രങ്ങളിലൊന്നു കൂടിയാണ് കേദാര്‍നാഥ്. പ്രത്യേകിച്ചും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. മറ്റു വാഹങ്ങള്ക്കൊന്നും ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെ കടന്നു പോകാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ 14 കിലോമീറ്റര്‍ നടന്നു തന്നെ വേണം ഇവിടെ എത്താന്‍. അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ വഴിയും എത്തിച്ചേരാം.
ട്രെക്കിംഗിനായുള്ള പാത ഇപ്രകാരമാണ്. കേദാര്‍നാഥില്‍ തുടങ്ങുന്ന യാത്ര ആദ്യം ഭാഗീരഥി നദി വഴി കടന്നു പോകുന്നു. അതിനു ശേഷം ഇടതൂര്‍ന്ന വനത്തിലൂടെ സഞ്ചരിച്ചു ലതയിലെത്തിച്ചേരാം. ലത മുതല്‍ ഗംഗോത്രി വരെ 5 മണിക്കൂര്‍ യാത്ര റോഡു മാര്‍ഗം. പിന്നെ ഗംഗോത്രിയില്‍ നിന്ന് തുടങ്ങുന്ന പ്രയാണം ഗംഗോത്രി ഗ്ലേസിയറും കടന്നു തപോവന്‍ പ്രദേശത്ത് എത്തുന്നു. കേദാര്‍നാഥില്‍ നിന്നും വാസുകി താലിലേക്കുള്ള യാത്രയും സാഹസികത നിറഞ്ഞതാണ്. മന്ദാകിനി താഴ്വരയും ചൌഖംബ കൊടുമുടിയും ഈ യാത്രക്കിടയില്‍ കാണാം.