കോട്ടഗിരി പട്ടണത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെ കണ്ണേരിമുക്കിലായി ജോണ്‍ സള്ളിവന് മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നു. ഊട്ടിയിലെ ആദ്യകാല നിവാസിയായ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന് ജോണ്‍ സള്ളിവന്റെ ഓര്‍മ്മയ്ക്കായുള്ള മന്ദിരം. എ ഡി 1788 ലാണ് അദ്ദേഹം ജനിച്ചത്. നീലഗിരി പ്രദേശം ഇന്നീ കാണും വിധം സജ്ജമാക്കിയ മനുഷ്യന് കൂടിയാണ് അദ്ദേഹം. ഇവിടുത്തെ നിവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിച്ചു അവരുടെ സ്നേഹവും ആദരവും സമ്പാദിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
നീലഗിരി ജില്ലയില്‍ വലിയ തോതില്‍ തേയില കൃഷി നടപ്പിലാക്കിയതിനു പിന്നിലും ജോണ്‍ സള്ളിവന്റെ പ്രയത്നം തന്നെയാണുള്ളത് . എ ഡി 1855 ല്‍ അദ്ദേഹം നിര്യാതനായി. അദ്ദേഹത്തിന്റെ ആദ്യകാല വസതിയിലാണ് ജോണ്‍ സള്ളിവന് മെമ്മോറിയല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പെതകല് ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന ഈ വസതിയിലായി ഇപ്പോള്‍ നീലഗിരി ഡോകുമെന്റേഷന്‍ സെന്ററും നീലഗിരി മ്യൂസിയവും പ്രവര്‍ത്തിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് 5 രൂപയും മുതിര്‍ന്നവര്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.