കോട്ടയത്തെ പള്ളംതാലൂക്കിലെ ചെറിയൊരു ഗ്രാമമാണ് നാട്ടകം, കോട്ടയം നഗരത്തില്‍ നിന്നും 6.5 കിലോമീറ്റര്‍ മാറിയാണ് നാട്ടകം. പ്രകൃതിമനോഹരമാണ് ഈ കൊച്ചുഗ്രാമം. പച്ചപ്പേറിയ പ്രകൃതിയാണ് ഇവിടുത്തേത്. വേനല്‍ക്കാലത്ത് ഒട്ടേറെ തരത്തില്‍പ്പെട്ട ദേശാടനക്കിളികള്‍ ഇവിടെയെത്താറുണ്ട്. ഈ സമയത്ത് ഇവിടെ ആകെ പക്ഷികളുടെ ശബ്ദത്താല്‍ മുഖരിതമായിരിക്കും. കോട്ടയം പോര്‍ട്ട് ആന്റ് കണ്ടെയിനര്‍ ടെര്‍മിനല്‍ നാട്ടകത്താണ് പ്രവര്‍ത്തിക്കുന്നത്.
ആയുര്‍വേദിക് റിസോര്‍ട്ടുകള്‍ ഏറെയുള്ള സ്ഥലമാണിത്, യാത്രക്കിടെ ഒരു സുഖചികിത്സയോ, തിരുമ്മലോ ഒക്കെ വേണമെന്ന് തോന്നുകയാണെങ്കില്‍ നേരെ നാട്ടകത്തേയ്ക്ക് പോവുകയാണ് നല്ലത്. നീന്തല്‍, മീന്‍പിടുത്തം, ബോട്ടിങ് തുടങ്ങിയ വിനോദങ്ങള്‍ക്കെല്ലാം ഇവിടെ സൗകര്യവുമുണ്ട്. അടുത്തകാലത്തായിട്ടാണ് നാട്ടകം ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ പേരെടുക്കാന്‍ തുടങ്ങിയത്. ഫോട്ടോഗ്രാഫിയില്‍ പ്രിയമുള്ളവര്‍ക്ക് പറ്റിയൊരു ലൊക്കേഷന്‍ കൂടിയാണിത്.