കുട്ടികളോടൊത്ത് സമയം ചെലവഴിക്കാന്‍ പറ്റിയ കോഴിക്കോട്ടെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് ലയണ്‍സ് പാര്‍ക്ക്. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടെക്ക് ഏറെ ദൂരമില്ല. ബീച്ചിലെ പ്രശസ്തമായ ലൈറ്റ്ഹൗസും ലയണ്‍സ് പാര്ക്കിന് സമീപത്തായാണ്. ബീച്ചിന് സമീപത്താണ് എന്നതും ഇവിടെ നിരവധി ആളുകളെത്താന്‍ കാരണമാകുന്നു.
മനോഹരമായ അസ്തമനക്കാഴ്ചകള് കാണാനും കഴിയും ലയണ്‍സ് പാര്‍ക്കിലിരുന്നാല്‍. വൈകുന്നേരം 3 മണിമുതലാണ് ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. പാര്ക്കിന് സമീപത്തായി നിരവധി ഐസ്ക്രീം പാര്‍ലറുകളും തട്ടുകടകളുമുണ്ട്. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും മറ്റുമാണ് ഇവിടത്തെ പ്രത്യേക രുചി. ബീച്ചിലേക്കും ലയണ്‍സ് പാര്ക്കിലേക്കുമായി ഒരു യാത്ര നിങ്ങളുടെ സായന്തനങ്ങളെ മനോഹരമാക്കുമെന്ന കാര്യം ഉറപ്പാണ്.