ചത്തര്‍ മന്‍സില്‍ സ്വര്‍ണ്ണ നിറമാര്‍ന്ന കുട മേല്‍ക്കൂരയായി ഉള്ളതിനാല്‍ അംബ്രല്ലാ പാലസ് എന്നും അറിയപ്പെടുന്നു. പല തവണ ഉടമസ്ഥാവകാശം കൈമറിഞ്ഞ ഒന്നാണ് ഇത്.
1781 ല്‍ ഗോമതി നദിയുടെ തീരത്ത് ജനറല്‍ ക്ലോഡ് മാര്ട്ടിന് തന്റെ ഭവനമായി നിര്‍മ്മിച്ചതാണ് ഈ കെട്ടിടം. ഇത് പിന്നീട് നവാബ് സാദത്ത് അലി ഖാന് വാങ്ങി. പിന്നീട് നവാബ് ഖാസി ഉദ്ദീന്‍ ഹൈദര്‍ ഇതിന്റെ വിപുലീകരണം ആരംഭിച്ചു. എന്നാല്‍ ഈ പണി പൂര്‍ത്തിയാക്കിയത് അദ്ദേഹത്തിന് ശേഷം വന്ന നവാബ് നാസിറുദ്ധീന്‍ ഹൈദറാണ്. ഇന്ന് സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (CDRI)ഒഫിസാണിത്.
ഒരു കാലത്ത് അവധിലെ നവാബുമാരുടെയും, അവരുടെ ഭാര്യമാരുടെയും ഭവനമായിരുന്ന ഇവിടം 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരക്കാലത്ത് സമരക്കാരുടെ പ്രധാന കേന്ദ്രമായിരുന്നു. വ്യതിരിക്തവും, സങ്കീര്‍ണ്ണവുമായ ഈ കെട്ടിടത്തിന്റെ ഉള്ളിലെ ഹാളുകളെ ടാഹെകാനാസ് എന്നാണ് വിളിച്ചിരുന്നത്. ഗോമതിനദിയിലെ ജലത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതിനാല്‍ കടുത്ത വേനലിലും ഇവിടെ തണുപ്പ് അനുഭവപ്പെടും. ഏറെ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായ ഇവിടം പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരായ സാമുവല്‍ ബോണ്‍, ദറോഗ അബ്ബാസ് അലി, ഫെലിസ് ബീറ്റോ, തോമസ് റസ്റ്റ് എന്നിവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.