റൂമി ദര്‍വാസ തുര്‍ക്കി കവാടം എന്നും അറിയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാനായ സൂഫിവര്യന് ജലാലുദ്ദീന്‍ റൂമിയുടെ പേരാണ് ഈ കവാടത്തിന് നല്‍കിയിരിക്കുന്നത്. 1784ല്‍ നവാബ് അസഫ്-ഉദ്-ദൗളയാണ് 60 അടി ഉയരമുള്ള റൂമി ദര്‍വാസ നിര്‍മ്മിച്ചത്. അവധ് നിര്‍മ്മാണ ശൈലിയുടെ ഉത്തമ മാതൃകയായി കണക്കാക്കപ്പെടുന്ന തുര്‍ക്കി കവാടം ലക്നൗ നഗരത്തിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്.
നവാബുമാരുടെ കാലത്ത് ഈ കവാടത്തിന് മുകളില്‍ വലിയൊരു വിളക്ക് സ്ഥാപിച്ചു. ഇത് രാത്രികാലങ്ങളില്‍ കൊളിത്തി വയ്ക്കുമായിരുന്നു. പൂമൊട്ടുകളുടെ ആകൃതിയിലുള്ള കുളങ്ങളില്‍ നിന്നുയരുന്ന ജലധാരകള്‍ കവാടത്തിന് മുന്നില്‍ ആര്‍ച്ചുകള്‍ തീര്‍ക്കുന്ന കാഴ്ച അവാച്യമായ അനുഭവമാണ്.
ഈ കവാടത്തിനും ഇതിലേക്ക് നീളുന്ന റോഡിനും വലിയ പ്രശസ്തി നേടിക്കൊടുത്തത് ഒരു പത്രപ്രവര്‍ത്തകനാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനായിരുന്ന റസ്സല്‍. 1858ല്‍ ബ്രിട്ടീഷ് പട്ടാളം ലക്നൗവില്‍ കടന്നത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. "റൂമി ദര്‍വാസയില്‍ നിന്ന് ചറ്റര് മന്‍സിലിലേക്കുള്ള ഇടനാഴി ഞാന്‍ കണ്ട ഏറ്റവും മനോഹരമായ നഗരപ്രദേശമാണ്. റോമിനെക്കാളും പാരീസിനെക്കാളും ലണ്ടനെക്കാളും കോണ്സ്റ്റാന്റിനോപ്പിളിനെക്കാളും മനോഹരം" അദ്ദേഹം എഴുതി.