ലക്നൗവിലെ ഒരു പ്രധാന ഇടമാണ് റെസിഡന്‍സി. ഇത് പല കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. 1775 ല്‍ നവാബ് അസഫ് ഉദ് ദൗള നിര്‍മ്മാണം ആരംഭിച്ച് 1800 ല്‍ നവാബ് സാദത്ത് അലി ഖാനാണ് ഇത് പൂര്‍ത്തിയാക്കിയത്. നവാബിന്റെ കോര്‍ട്ടിലെ ബ്രിട്ടീഷ് ഗവണ്മെന്റ് പ്രിതിനിധിയായിരുന്ന റെസിഡന്റ് ജനറലിന്റെ വാസസ്ഥാനമായിരുന്നു ഇത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്ത് വളരെ പ്രധാനപ്പെട്ട ഒരിടമായി ഇവിടം മാറി.
ഇംഗ്ലീഷ് സൈന്യവും, സമരക്കാരും തമ്മിലുള്ള ഏറ്റമുട്ടലില്‍ റെസിഡന്‍സിക്ക് ഏറെ നാശമുണ്ടായി. ഇത് യുദ്ധശേഷവും അതേ പടി തുടര്‍ന്നു. പീരങ്കിയുണ്ടയേറ്റ് തകര്‍ന്നതും കേട് പാടുകള്‍ വന്നതുമായ ചുമരുകള്‍ ഇപ്പോഴും ഇവിടെ കാണാം.
മനോഹരമായി ക്രമീകരിച്ച മുറ്റത്ത് പൂന്തോട്ടങ്ങള്ക്കിടയിലാണ് റെസിഡന്‍സിയുടെ സ്ഥാനം. ഇവിടെ തന്നെ രണ്ടായിരത്തിലധികം ബ്രിട്ടീഷ് സൈനികരെയും, കുട്ടികളെയും, സ്ത്രീകളെയും സംസ്കരിച്ച ഒരു സെമിത്തേരിയും, ഒരു പള്ളിയും ഉണ്ട്. എല്ലാ ദിവസവും വൈകുന്നേരം റെസിഡന്‍സിയുടെ ചരിത്രം പ്രതിപാദിക്കുന്ന ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഇവിടെ നടത്തുന്നുണ്ട്. ഇവിടെ തന്നെ 1857 ന്റെ സ്മാരകമായി ഒരു മ്യൂസിയവുമുണ്ട്. അവധിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വ്യക്തമായി മനസിലാക്കാന്‍ ഇത് സന്ദര്‍ശിക്കുന്നത് വഴി സാധിക്കും.