മദനപ്പള്ളി പട്ടണത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു വേനല്‍ക്കാല റിസോര്‍ട്ടാണ് ഇത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളില്‍ നിന്നെല്ലാം സുഖകരമായി യാത്രചെയ്ത് ഇവിടെയെത്താം. വേനല്‍ച്ചൂട് കൂടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. മറ്റ് സ്ഥലങ്ങളിലെല്ലാം വേനല്‍ച്ചൂടേറുമ്പോള്‍ ഇവിടെമാത്രം അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥതന്നെയാണ് ഈ തിരക്കിന് കാരണം.
യെനുഗു മല്ലമ്മ കൊണ്ടയെന്നായിരുന്നുവത്രേ ഈ കുന്നിന്‍പ്രദേശത്തിന്റെ പഴയപേര്. കാട്ടാനകള്‍ വളര്‍ത്തിയ മല്ലമ്മയെന്ന പെണ്‍കുട്ടി ഇവിടെ ജീവിച്ചിരുന്നുവത്രേ, സമീപവാസികളായ രോഗികളെയും മറ്റും പരിചരിയ്ക്കലായിരുന്നുവത്രേ പെണ്‍കുട്ടിയുടെ പ്രധാന ജോലി. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് പെണ്‍കുട്ടിയെ കാണാതായി. ഇതോടെ പെണ്‍കുട്ടിയ്ക്കായി ഒരു ക്ഷേത്രം പണിയാന്‍ ഇവിടുത്തെ ആദിവാസി ജനത തീരുമാനിച്ചു.
അങ്ങനെ ആ ക്ഷേത്രം വന്നതില്‍പ്പിന്നെ ഈ കുന്നിനെ യെനുഗു മല്ലമ്മ കൊണ്ടയെന്നാണ് വിളിച്ചിരുന്നത്. പിന്നീട് ബ്രിട്ടീഷ് ഓഫീസറായിരുന്ന ഡബ്ല്യൂ.ഡി ഹോര്‍സ്ലി ഇവിടെവരുകയും രണ്ട് വേനല്‍ക്കാല വസതികള്‍ പണിയുകയും ചെയ്തു. അക്കാലം മുതല്‍ ഈ സ്ഥലം അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരിലാണ്. ഇദ്ദേഹം പണിത രണ്ട് കെട്ടിടങ്ങള്‍ കറാച്ചി റൂം എന്നു മില്‍ക് ബംഗ്ലാവ് എന്നുമാണ് അറിയപ്പെടുന്നത്.