ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്ത് നാര്‍നോലിന്റെ ഭരണാധികാരി ആയിരുന്ന ജമാല്‍ ഖാനാണ് തന്റെ അന്ത്യവിശ്രമ സ്ഥാനമെന്ന നിലയ്ക്ക് ചോര്‍ ഗുമ്പഡ് പണിതുയര്‍ത്തിയത്. ചതുരാകൃതിയിലുള്ള ഈ കെട്ടിടത്തിനകത്ത് വലിയൊരു മുറിയും പുറത്ത് നാല് മൂലകളിലുമായി ഓരോ മിനാരവുമുണ്ട്. നാര്നോലിലെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് അല്പം വേറിട്ട് നില്ക്കുന്ന ഈ സ്മാരകം പില്ക്കാലത്ത് കള്ളന്മാരുടെയും കവര്‍ച്ചക്കാരുടെയും ഒളിത്താവളമായി മാറി. അതിനാലാണ് ചോര്ഗുമ്പഡ് എന്ന പേര് ഇതിന് വന്ന് ഭവിച്ചത്. ചോര്‍ എന്നാല്‍ കള്ളന് എന്നും ഗുമ്പഡ് എന്നാല്‍ കുബ്ബ അഥവാ താഴികക്കുടം എന്നുമാണ് ഹിന്ദിയില്‍ അര്‍ത്ഥം.
നാര്നോലിലെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് അകന്ന് ഒരു പാറയുടെ മുകളിലാണ് ഇതിന്റെ സ്ഥാനം. ഈ പ്രദേശത്തിന്റെ ഒരു ലാന്‍ഡ് മാര്ക്കെന്നോണമാണ് ഇത് നിലകൊള്ളുന്നത്. അക്കാരണത്താല്‍ പട്ടണത്തിന്റെ ചൂണ്ടുപലക എന്നും ഇതിനെ വിളിക്കാറുണ്ട്. ജീര്‍ണ്ണാവസ്ഥയിലായിരുന്ന ഈ കെട്ടിടം അടുത്തിടെ പുതുക്കുകയുണ്ടായി.