നൂര്പുറിലെ പ്രധാനപ്പെട്ടൊരു ആകര്‍ഷണമാണ് പത്താംനൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കോട്ട. പത്താനിയ രാജാക്കന്മാരാണ് ഇത് പണികഴിപ്പിച്ചത്. കോട്ടയ്ക്കുമുകളില്‍ നിന്നാല്‍ ചക്കിയെന്ന ചെറുനദിയുടെ കൈവഴിയായ ജബ്ബര്‍ ഖുണ്ഡിന്റെ മനോഹരമായ കാഴ്ച കാണാം.
കോട്ടഇപ്പോള് ഏതാണ്ട് നശിച്ചിട്ടുണ്ടെങ്കിലും അതിന്റെ അവശേഷിപ്പുകള്‍ നല്കുന്ന കാഴ്ചസുഖം വേറിട്ടതാണ്. പഴയകാലത്തെ ചിത്രങ്ങളും മറ്റും ഇപ്പോഴും ചുവരുകളില്‍ കാണാം. ചിലചുവരുകളില് മൃഗങ്ങളുടെയും മറ്റും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. പുരുഷന്മാരുടെയും കുട്ടികളുടെയും സ്ത്രീകളുടെയുമെല്ലാം രൂപങ്ങളും ഇത്തരത്തില്‍ കൊത്തിവച്ചിരിക്കുന്നത് കാണാം.
ഈ കോട്ടയ്ക്കുള്ളിലാണ് ബ്രിജി മഹാരാജ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കറുത്തശിലയിലുള്ള മനോഹരമായ കൃഷ്ണവിഗ്രഹമാണ് ഇവിടെയുള്ളത്. രാജ ജഗത് സിങ്ങിന്റെ കാലത്ത് രാജസ്ഥാനില്‍നിന്നും കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണത്രേ ഈ വിഗ്രഹം. എഡി 1905ലുണ്ടായ വലിയൊരു ഭൂചലനത്തിലാണ് ഈ കോട്ടയ്ക്ക് നാശം സംഭവിച്ചത്. പിന്നീട് ബ്രിട്ടീഷ് സൈന്യവും നാശത്തില്‍ അവരുടേതായ സംഭാവന നല്‍കുകയും ചെയ്തു. അതോടെ ഈ ചരിത്രസ്മാരകം ഏതാണ്ട് പൂര്‍ണമായും നാശത്തിന്റെ വക്കിലെത്തി.