പത്താന്‍കോട്ട് നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള മുക്തേശ്വര്‍ ക്ഷേത്രം പഞ്ചാബിലെ ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ മാര്‍ബിളില്‍ പണിത ഒരു ശിവലിംഗവും, ചെമ്പില്‍ നിര്‍മ്മിച്ച ഒരു യോനിയുമുണ്ട്. വിഷ്ണു, പാര്‍വ്വതി ദേവി, ഗണേശന് തുടങ്ങിയ ദൈവങ്ങളുടെ വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. വനവാസക്കാലത്ത് പാണ്ഡവന്മാര് ഇവിടെ താമസിച്ചിരുന്നതായും, ശിവനെ ആരാധിക്കാനായി ഈ ക്ഷേത്രം നിര്‍മ്മിച്ചു എന്നുമാണ് വിശ്വാസം.
രവി നദിയും, കുന്നുകളുമാണ് ക്ഷേത്രത്തിന്റെ പശ്ചാത്തലം. മുകേസ്രാന് മന്ദിര്‍ എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ വൈശാഖി ദിനത്തില്‍ 'മുകേസ്രാന് ദാ മേള' ഇവിടെ കൊണ്ടാടപ്പെടുന്നു. ഈ മേളക്കാലത്തും, ശിവരാത്രി സമയത്തും ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവിടെയെത്താറുണ്ട്. ഇവിടുത്തെ ഒരു പ്രത്യേകത എന്നത് രവി നദിയുടെ ഇടത് ഭാഗം പഞ്ചാബ് സംസ്ഥാനവും, വലത് ഭാഗം ജമ്മുകാശ്മീര്‍ സംസ്ഥാനവുമാണ് എന്നതാണ്.