പുരിയുടെ വടക്കുഭാഗത്ത് ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള ചക്ര തീര്‍ഥ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലത്തില്‍ ഒന്നാണ്. പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയായ ഈ ക്ഷേത്രം ചക്ര നാരായണ ക്ഷേത്രം, ചക്ര നരസിംഹ ക്ഷേത്രം, ചക്ര ന്രുസിംഗ ക്ഷേത്രം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. വെള്ളത്തില്‍ മുങ്ങികിടക്കുന്ന കറുത്ത ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത വലിയ ചക്രമാണ് ഇവിടെ ആരാധിക്കുന്നത്.
ജഗന്നാഥ ഭഗവാന്‍െറ ദിവ്യായുധം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചക്രത്തിന്‍െറ നടുവിലായി നാരായണ ഭഗവാന്‍െറ വിഗ്രഹവും ഉണ്ട്.
പുരാതന കാലത്ത് പുരിയിലുണ്ടായ കൊടുങ്കാറ്റില്‍ ജഗന്നാഥ ക്ഷേത്രത്തിന്‍െറ മുകള്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന ചക്രം പറന്നുപോയി ചക്രതീര്‍ഥത്തില്‍ വീണുവെന്നാണ് വിശ്വാസം. ഈ സമയമാണ് ജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ദാരു എന്ന മരക്കുറ്റികള്‍ സമുദ്രത്തിലൂടെ ഒഴുകിവന്നതെന്നും തുടര്‍ന്ന് ചക്രതീര്‍ഥത്തില്‍ അടിഞ്ഞുവെന്നുമാണ് വിശ്വാസം.