ശ്രീ രാമനാഥസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ രാമേശ്വരത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് പഞ്ചമുഖ ഹനുമാന് ക്ഷേത്രം. രാമന്, സീത, ഹനുമാന് എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. 1964ലെ ചുഴലിക്കാറ്റില്‍ ധനുഷ്കോടി ഗ്രാമം ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ അവിടെ നിന്നാണ് ഈ വിഗ്രഹങ്ങള്‍ ഇവിടേക്ക് കൊണ്ടുവന്നത്. രാമന്, സീത, ഹനുമാന് എന്നിവരുടെ ആത്മാക്കള്‍ ഈ വിഗ്രഹങ്ങളില്‍ ഉണ്ടെന്നാണ് വിശ്വാസം. ഇക്കാരണത്താലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ പഞ്ചമുഖ ഹനുമാന് ക്ഷേത്രത്തില്‍ എത്തുന്നത്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന് വെളിയില്‍ ഈ കല്ല് കാണാന്‍ കഴിയും. ഹനുമാനും അദ്ദേഹത്തിന്റെ വാനരസേനയും ചേര്‍ന്ന് ശ്രീലങ്കയിലേക്ക് നിര്‍മ്മിച്ച പാലത്തില്‍ നിന്നുള്ള കല്ലാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ വച്ചാണ് ഹനുമാന് തന്റെ അഞ്ച് മുഖങ്ങള്‍ അല്ലെങ്കില്‍ രൂപങ്ങള്‍ കാണിച്ചതെന്നാണ് ഐതീഹ്യം. രാമന് ഇവിടെ വച്ച് ഹനുമാന് ഭസ്മം ചാര്‍ത്തിയതായും വിശ്വാസമുണ്ട്.