ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുനില്‍ക്കുന്ന കടുവാസങ്കേതവും ഒപ്പം പഴമയുടെ ഭംഗി വിടര്‍ത്തി നില്ക്കുന്ന ഒരുപിടി പുരാതന കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും ക്ഷേത്രങ്ങളുമാണ് കിഴക്കന്‍ രാജസ്ഥാനിലെ സരിസ്കയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. ആല്‍വാര്‍ ജില്ലയില്‍ ആരവല്ലി പര്‍വത നിരയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന സരിസ്ക മുമ്പ് ആല്‍വാര്‍ നാട്ടുരാജാക്കന്മാര് വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന വനമേഖലയാണ്.
1955ല്‍ വന്യജീവി സങ്കേതമായും 1979ല്‍ ദേശീയോദ്യാനമായും പ്രഖ്യാപിച്ച സരിസ്ക വന്യജീവി സങ്കേതത്തിന്‍െറ പ്രധാന ആകര്‍ഷണം ബംഗാള്‍ കടുവകളാണ്. മധ്യപ്രദേശിലെ രത്തംബോര്‍ കടുവാസങ്കേതത്തില്‍ നിന്ന് പുനരധിവസിപ്പിച്ച ബംഗാള്‍ കടുവകളാണ് നിലവില്‍ ഇവിടെയുള്ളത്. വേട്ടക്കാരുടെ തോക്കിനിരയായി ഇവിടെയുണ്ടായിരുന്ന കടുവകള്‍ 2004ല്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയതോടെയാണ് പുനരധിവാസത്തിന് പദ്ധതിയിട്ടത്. 2010 ലാണ് ഈ പുനരധിവാസ പക്രിയ പൂര്‍ത്തിയായത്.
മുഗള്‍, രജപുത്ര പാരമ്പര്യം വിളിച്ചോതുന്ന കോട്ടകളും ക്ഷേത്രങ്ങളും തടാകങ്ങളുമാണ് സരിസ്കയുടെ മറ്റു ആകര്ഷണങ്ങള്. രജപുത്ര രാജാവായ ജയ്സിംഗ് രണ്ടാമന് പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന കനക്വാരി കോട്ടയാണ് ഇതില്‍ പ്രധാനം. ഭംഗ്രാ കൊട്ടാരം, പ്രതാപ്ഗര്‍ കൊട്ടാരം, അജബ്ഗര് കൊട്ടാരം എന്നിവയാണ് മറ്റുള്ളവ.
പാണ്ഡുപോളിലുള്ള ഹനുമാന് ക്ഷേത്രം, നീലകാന്ത് മഹാദേവ ക്ഷേത്രം, ഭര്‍തൃഹരി ക്ഷേത്രം തുടങ്ങിയ വിനോദസഞ്ചാരികള്കാപ്പം രാജ്യമെങ്ങുമുള്ള വിശ്വാസികളെയും ആകര്‍ഷിക്കുന്നതാണ്. സില്സേര, ജയ്സാമന്ത് തടാകങ്ങളും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ആല്‍വാര്‍ രാജാവായിരുന്ന മഹാരാജാ ജയ്സിംഗ് വേട്ടക്കായി വരുമ്പോള്‍ താമസിച്ചിരുന്ന വനത്തിനുള്ളില്‍ സ്ഥിതി ചെയ്യന്ന സരിസ്കാ കൊട്ടാരവും മറ്റൊരു ആകര്‍ഷണമാണ്.
സരിസ്കയില്‍ എങ്ങനെയെത്തൊംജയ്പൂരില് നിന്ന് 130 കിലോമീറ്ററും ദല്‍ഹിയില്‍ നിന്ന് 120 കിലോമീറ്ററും സഞ്ചരിച്ചാല്‍ സരിസ്കയിലെത്താം. ഈ രണ്ട് സ്ഥലങ്ങള്‍ക്കും ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന കടുവാസങ്കതേമാണ് സരിസ്ക. ജയ്പൂരിലുള്ള സംഗനീര്‍ എയര്‍പോര്‍ട്ട് ആണ് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് എപ്പോഴും ഇങ്ങോട് വാഹനങ്ങള്‍ ലഭ്യമാണ്.
ദല്‍ഹി,മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ജയ്പൂരിലേക്ക് എപ്പോഴും വിമാനങ്ങള്‍ ഉണ്ട്. ട്രെയിന്‍ വഴിയാണ് വരുന്നതെങ്കില്‍ 36 കിലോമീറ്റര്‍ അകലെയുള്ള ആല്‍വാര്‍ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. രാജസ്ഥാനിലെ എല്ലാ നഗരങ്ങളില്‍ നിന്നും മികച്ച റോഡുകളാണ് സരിസ്കയിലേക്കുള്ളത്. ദല്‍ഹി,ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സരിസ്കയില്‍ നിന്ന് ബസ് സൗകര്യമുണ്ട്.