ശിവപുരിയിലെ ഒരു പഴയ ക്ഷേത്രമാണ് ബന് ഗംഗ. ചരിത്രവും പുരാണവും കെട്ടുപിണഞ്ഞ് കിടക്കുന്ന ശിവപുരിയാകെ വിശാലമായൊരു ക്ഷേത്രാങ്കണമാണെന്ന് വേണമെങ്കില്‍ പറയാം. ആറോ ഏഴോ നൂറ്റാണ്ടുകളിലെ പഴമയും പെരുമയും പേറുന്ന ക്ഷേത്രങ്ങളാണെവിടെയും. അതുമല്ലെങ്കില്‍ ഇഷ്ടദേവഗണങ്ങളുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ മണ്ണും പുല്ക്കൊടികളുമാണഖിലവും.
പാവനമായ ഒരു ക്ഷേത്രവും അതിന് ചുറ്റുമായി 52 തീര്ത്ഥക്കുളങ്ങളുമാണ് ബന് ഗംഗ. ഇവിടെവെച്ചാണ് മഹാഭാരത വേദത്തിലെ വില്ലാളിവീരനായ അര്ജ്ജുനന് ഭൂമിയിലേക്ക് അമ്പെയ്ത് ഗംഗാജലത്തെ ഭൂഗര്‍ഭത്തില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ആസുരശക്തികള്ക്കെതിരെയുള്ള ദേവന്മാരുടെ ധര്‍മ്മയുദ്ധം എന്നറിയപ്പെടുന്ന മഹാഭാരതയുദ്ധത്തിന്റെ പത്താം നാള് കൌരവരുടെ സേനാധിപനായ ഭീഷ്മര്‍ നിലംപതിച്ചു. അര്ജ്ജുനന് രണഭൂമിയില്‍ എയ്ത അമ്പുകള്‍ തീര്‍ത്ത ശരശയ്യയിലാണ് അദ്ദേഹം കിടന്നത്. മരണാസന്നനായ ഭീഷ്മര്‍ക്ക് ദാഹിച്ചപ്പോള്‍ അര്ജ്ജുനന് ഭൂമിയിലേക്ക് അമ്പ് തൊടുക്കുകയും ഗംഗാജലം ഭൂമിയില്‍ നിന്ന് പുറത്ത് വന്ന് ഭീഷ്മപിതാമഹന്റെ ദാഹം ശമിപ്പിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.