ശിവപുരിയിലെ നാട്ടുകാര്‍ക്കിടയില്‍ "പാലസ്" എന്ന ലളിത നാമത്തിന് സമഗ്രമായ ഒരര്‍ത്ഥമേയുള്ളു, മാധവ വിലാസ് പാലസ്. അത്രയേറെ പരിചിതമാണ് അവര്‍ക്ക് ഈ കൊട്ടാരം. മനോഹരമായ ചെറുഗോപുരങ്ങളും അനവധി മട്ടുപ്പാവുകളും കൊത്തുപണികള്‍ കൊണ്ട് കോറിയ വെണ്ണക്കല്ലുകള്‍ പാകിയ നിലവും ചേര്‍ന്ന് ആധുനിക നിലവാരത്തെയും അതിശയിപ്പിക്കുന്ന കലാചാതുരിയാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടുള്ളത്. കൊട്ടാരത്തിന്റെ പുറംഭാഗത്തെ ചുവരുകളിലെ ഇളംറോസ് നിറം ഇതിനെ ചുറ്റുപാടില്‍ നിന്ന് വേറിട്ട് നില്ക്കുന്ന ഒരു പ്രതീതിയാണ് സന്ദര്‍ശകരില്‍ ഉണ്ടാക്കുക.
വാസ്തുകലയില്‍ അനുവര്‍ത്തിച്ചിട്ടുള്ള വൈദേശിക ഭാവം ഈ കൊട്ടാരത്തെ പഴയകാല നിര്‍മ്മിതികളില്‍ നിന്ന് പലനിലയ്ക്കും വ്യത്യസ്തമാക്കുന്നുണ്ട്. സിന്ധ്യാരാജവംശത്തിന്റെ സുവര്‍ണ്ണകാലത്ത് അവരുടെ വേനല്‍ക്കാല വസതിയായിട്ടാണ് ഈ കൊട്ടാരത്തെ ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ ഇന്റലിജന് സ് ബ്യൂറോയുടെ പരിശീലന കളരിയായാണ് ഇപ്പോള്‍ ഇത് വര്‍ത്തിക്കുന്നത്. രാജകീയതയുടെ കാല്പനികഛായയുമായി വിദൂരബന്ധം പോലും ഇന്നവിടെ കാണാനാവില്ല. കൊട്ടാരത്തിന്റെ മട്ടുപ്പാവുകളില്‍ നിന്നാല്‍ മാധവ് നാഷണല്‍ പാര്‍ക്കിനെ കണ് കുളിര്‍ക്കെ കാണാം. മട്ടുപ്പാവില്‍ കൊത്തിവെച്ചിട്ടുള്ള അന്തപുര സ്ത്രീകളുടെ പ്രതിരൂപങ്ങള്‍ ആരും സ്വയം മറന്ന് നോക്കിനില്ക്കും. വേട്ടയ്ക്ക് പോയ രാജകുമാരനെ നെടുനാളായ് കാത്തുനില്ക്കുന്ന ഭാവമാണ് ആ മുഖങ്ങളില്‍. നിറങ്ങള്‍ ചാലിച്ചെഴുതിയില്ല എന്നൊരു കുറവ് മാത്രമേയുള്ളു.