ശിവപുരി ജില്ലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഗ്രാമമാണ് മഹുവ. ആറും ഏഴും നൂറ്റാണ്ടുകളിലെ സമൃദ്ധമായ ചരിത്രം ഈ ഗ്രാമത്തിന് മുതല്‍ക്കൂട്ടായുണ്ട്. പുരാണ സംസ്കൃത ലിഖിതങ്ങളായ റാനോഡിന്റെ താളുകളില്‍ പറഞ്ഞപ്രകാരം മധുമതി എന്നായിരുന്നു ഇതിന്റെ മധുവൂറുന്ന പൂര്‍വ്വനാമം. ശൈവ സൈദ്ധാന്തിക വിശ്വാസികളുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. ഒരു നഷ്ടചരിത്രസ്മൃതിയുടെ ബാക്കി ശേഷിപ്പുകളെന്നോണം ഇന്നും ചില ക്ഷേത്രങ്ങള്‍ കാലത്തിന്റെ കൈക്രിയകളെ അതിജയിച്ച് നിലനില്‍ക്കുന്നുണ്ട്.
ഏഴാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ പണിതതെന്ന് കരുതപ്പെടുന്ന ശിവമണ്ഡപിക എന്ന സ്മാരകം അവയിലൊന്നാണ്. നിര്‍മ്മാണം പൂര്ത്തിയാകാഞ്ഞിട്ടോ പുനരുദ്ധാരണം പാതിവഴിയില്‍ ഉപേക്ഷിച്ചതോ എന്ന് തിട്ടപ്പെടുത്താനാവാത്ത വിധത്തിലാണ് ക്ഷേത്രം കാണപ്പെടുന്നത്. വിജയനഗരത്തിന്റെ തച്ചുശാസ്ത്ര മാതൃകയിലാണ് ഇത് പണിതിട്ടുള്ളത്. നദീദേവതമാരായ ഗംഗയുടെയും യമുനയുടെയും രൂപങ്ങള്‍ ശ്രീകോവിലിലേയ്ക്കുള്ള പ്രവേശന വീഥിയുടെ ഇരുവശങ്ങളിലുമായി കൊത്തിവെച്ചിട്ടുണ്ട്.