സിബ്സാഗര്‍ പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നകന്ന് 22 കിലോമീറ്റര്‍ ദൂരെയായിട്ടാണ് രണ്ട് നദികള്ക്കിടയിലായി പാനി ദിഹിങ് പക്ഷിസങ്കേതം വിലയിക്കുന്നത്. ദിസാങ്, ദിമോവ് എന്നിങ്ങനെ രണ്ട് നദികളുടെ സാമീപ്യം ഈ മേഖലയെ ഈര്‍പ്പമുള്ളതും ആവാസവ്യവസ്ഥിതിക്ക് അനുയോജ്യവുമാക്കുന്നു. 33 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.
വര്‍ഷംതോറും മുറതെറ്റാതെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തുന്ന ദേശാടനപക്ഷികളാണ് ഈ സങ്കേതത്തിന്റെ മുഖ്യ ആകര്‍ഷണം. 1996 ല്‍ ഇതിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. ഇവിടെ മാത്രം കാണാനാവുന്ന ഒരുപാട് അപൂര്‍വ്വ ജാതി പക്ഷികളുണ്ട്. വര്‍ണ്ണശബളിമയാര്‍ന്ന നീര്‍പക്ഷികള്‍ , ഇന്ത്യന്‍ കൊക്കുകള്‍ , വിവിധങ്ങളായ വാത്തുകള്‍ , മീന്‍ പിടിയന്‍ പരുന്തുകള്‍ എന്നിവ ഇവിടത്തെ അന്തേവാസികളാണ്.
ബാര്‍ ഹെഡ്ഢഡ് ഗൂസ്, സ്പോട് ബില്‍ഡ് ഡക്ക്, ഗഡ് വാള് , മലാഡ്, ഷവലര് , കോമണ്‍ പൊയാഡ്, ഓപ്പണ്‍ ബില്‍ സ്റ്റോര്‍ക്ക് എന്നിങ്ങനെ കണ്ടതും കാണാത്തതുമായ ഒരുപാടിനം പറവവൈജാത്യങ്ങളെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.
നവംബറിനും ഏപ്രിലിനുമിടയിലാണ് ഈ പക്ഷിസങ്കേതം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. സിബ്സാഗര്‍ പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരമേയുള്ളു എന്നതിനാല്‍ റോഡ് മാര്‍ഗ്ഗം ആളുകള്‍ക്ക് അനായാസം ഇവിടെ വന്നെത്താം.