സിബ്സാഗര്‍ പട്ടണത്തിന്റെ ബാഹ്യമേഖലയില്‍ , പട്ടണത്തില്‍ നിന്ന് 4 കിലോമീറ്റര്‍ അപ്പുറമാണ് അഹോം രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന തലാതല്‍ഘര്‍ സ്ഥിതിചെയ്യുന്നത്. അഹോം രാജവാഴ്ചക്കാലത്ത് പണിത വാസ്തുകലാവൈഭവത്തിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍ ഏറ്റവും വിസ്മയാവഹമായത് ഇതാണെന്ന് പൊതുവെ കരുതപ്പെടുന്നു. അവര്‍ നിര്‍മ്മിച്ച ചരിത്രസ്മാരകങ്ങളില്‍ ഏറ്റവും വലിപ്പമുള്ളത് എന്ന ബഹുമതിയും ഇതിനാണ്. അഹോം രാജാവായിരുന്ന സ്വര്‍ഗ്ഗദേവ് രുദ്രസിങ് തന്റെ തലസ്ഥാനം ബര്ഗോണില് നിന്ന് രംഗ്പുര്‍ എന്ന ഇന്നത്തെ സിബ്സാഗറിലേക്ക് മാറ്റിയ വേളയിലാണ് ഈ കൊട്ടാരം പണിതത്. 1698 ല്‍ ഇതിന്റെ നിര്‍മ്മാണം തുടങ്ങുകയും ആസ്ഥാനമാറ്റം സമ്പൂര്‍ണ്ണമായ 1702 - ‘03 കാലഘട്ടത്തില്‍ പാലസിന്റെ നിര്‍മ്മാണം മുഴുമിപ്പിക്കുകയും ചെയ്തു. ഏഴ് നിലകളുള്ള ഈ കെട്റ്റിടത്തിന്റെ ആദ്യത്തെ മൂന്ന് നിലകള്‍ ഭൂനിരപ്പിന് താഴെയാണ്. രാജാവിനും പ്രജകള്‍ക്കുമുള്ള ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരത്തിന് വേണ്ടിയാണ് ഇവ വിനിയോഗിച്ചിരുന്നത്.
സ്വര്‍ഗ്ഗദേവ് രുദ്രസിങയ്ക്ക് ശേഷം വന്ന ഭരണാധികാരികളും തങ്ങളാലാവുന്ന ധാടിയും മോടിയും കൊട്ടാരത്തിന് നല്കി. അഹോം രാജവാഴ്ചയുടെ സമൃദ്ധമായ ഗതകാലത്തിലേക്ക് വെളിച്ചംവീശുന്ന ഈ രമ്യഹര്‍മ്മ്യം ആസ്സാമിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സഞ്ചാരകേന്ദ്രമാണ്. പാലസിന്റെ ഗോവണികളും മട്ടുപ്പാവും ഇവിടെയുള്ള പീരങ്കികളും സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.