വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

സിക്കിം - ഭൂമിക്ക് കിട്ടിയ സ്ത്രീധനം

ശരീരത്തിനും ആത്മാവിനും വിനോദസഞ്ചാരം നവചൈതന്യം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രശസ്തമോ അല്ലാത്തതോ ആയ ഏത് സ്ഥലവുമാകട്ടെ, കൂടുതല്‍ പുതുമയുള്ള പലതും സന്ദര്‍ശകന് അവ സമ്മാനിക്കാതിരിക്കില്ല. വശ്യമായ പ്രകൃതി സൗന്ദര്യവും ഹിമകിരീടം ചൂടിയ മലകളും പുഷ്പതല്പങ്ങളൊരുക്കിയ പുല്‍മേടുകളും നിര്‍മ്മലമായ ജലാശയങ്ങളും കൊണ്ട് ദേശവാസികള്‍ “പറുദീസ” എന്ന് വിശേഷിപ്പിച്ച ഒരിടത്തേക്കാകുമ്പോള്‍ സഞ്ചാരം എന്ന വാക്കിന് കൂടുതല്‍ ആനന്ദവൈപുല്യം കൈവരുന്നു. കുറഞ്ഞ വാക്കുകളില്‍ ഒരു ദൃശ്യാനുഭവത്തെ ആവിഷ്ക്കരിക്കാന്‍ സിക്കിമിനോളം പാടവം മറ്റൊരു സ്ഥലത്തിനുമില്ല.ഹിമാലയ പര്‍വ്വതപ്രാന്തത്തിലുള്ള മനോഹരമായ സംസ്ഥാനമാണ് സിക്കിം. പ്രകൃതിയുടെ അനുഗ്രഹാശിസ്സുകള്‍ ആവോളം ഏറ്റുവാങ്ങിയ മാസ്മരിക തീരം. ഓരോ കാഴ്ചയും ജീവിതത്തില്‍ മറക്കാനാവാത്ത അമൂല്യ പാരിതോഷികങ്ങളാവുന്ന സിക്കിമില്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ കാഴ്ചകള്‍ അനവധിയുണ്ട്. അത്രയേറെ പറഞ്ഞുകേട്ടിട്ടില്ലാത്ത ഇന്ത്യയിലെ ഈ മലയോര സംസ്ഥാനത്തെ കുറിച്ച് ആവശ്യമായ വസ്തുതകള്‍ അറിഞ്ഞുവെക്കാം.

സിക്കിം
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

സിക്കിമിന്റെ ഭൂമിശാസ്ത്രം

ഹിമവാന്റെ സമീപത്ത് കിടക്കുന്ന സിക്കിം ഒരു മലമേഖലയാണെന്നത് സ്വാഭാവികം. സംസ്ഥാനത്തിന്റെ ഏറിയ ഭാഗവും മലമ്പ്രദേശമാണ്. 280 മുതല്‍ 8585 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടി എന്നറിയപ്പെടുന്ന കാഞ്ചന്‍ ജംഗയാണ് സിക്കിമിലെ ഏറ്റവും ഉയരത്തിലുള്ള ഭൂപ്രദേശം. കിഴക്ക് ഭൂട്ടാനും പടിഞ്ഞാറ് നേപ്പാളും വടക്ക് ടിബറ്റ് പീഠഭൂമിയും സിക്കിമിന് അതിര്‍വരമ്പിടുന്നു. ഇരുപത്തെട്ടോളം കൊടുമുടികളും, സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ വിലയിക്കുന്ന 227 സരസ്സുകളും 80 ഓളം ഹിമപാളികളും ഈ സംസ്ഥാനത്തിലുണ്ട്. ഈ അസാമാന്യ ഭൂപ്രകൃതിയില്‍ 100 നദികളെയും അവയുടെ അനവധി കൈവഴികളെയും ഒരുപാട് ചുടുനീരരുവികളെയും സിക്കിം ഉള്‍കൊള്ളുന്നുണ്ട്. ഇവിടെയുള്ള ചൂട് വെള്ളത്തിന്റെ അരുവികള്‍ക്ക് ഔഷധഗുണമുണ്ടെന്ന് കരുതപ്പെടുന്നു. 50 ഡിഗ്രി സെല്‍ഷ്യസാണ് ഈ ജലത്തിന്റെ താപമാനം. സിക്കിമിന്റെ മൂന്നിലൊന്ന് ഭാഗവും നിബിഢ വനങ്ങളാണ്. ഹിമാവരണമണിഞ്ഞ അനേകം അരുവികളും ഇവിടെയുണ്ട്. “സിക്കിമിന്റെ ജീവനാഡി” എന്നറിയപ്പെടുന്ന ടീസ്റ്റ നദിയോടാണ് ഈ അരുവികള്‍ യോജിപ്പിച്ചിട്ടുള്ളത്.

കാലാവസ്ഥ

മനോജ്ഞമായ സിക്കിമിനോളം തന്നെ മോഹനമാണ് സിക്കിമിലെ കാലാവസ്ഥയും. വര്‍ഷത്തില്‍ പതിവായി നിശ്ചിത കാലയളവില്‍ മഞ്ഞ് പെയ്യുന്ന ചുരുക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് സിക്കിം. മിതവും സുഖപ്രദവുമായ കാലാവസ്ഥയാണ് ദേശവാസികള്‍ക്ക് ഇവിടെ അനുഭവപ്പെടാറുള്ളത്. തുന്ദ്ര മേഖലയില്‍ എത്തുമ്പോള്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം സംഭവിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ ഉപ ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെട്ട് തുടങ്ങും. എല്ലാ വര്‍ഷവും ഏകദേശം നാല് മാസത്തോളം മഞ്ഞ് പുതച്ച് കിടക്കുന്ന വടക്കന്‍ മേഖലയില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താണിരിക്കും.ഏത് വേനലിലും 28 ഡിഗ്രി സെല്‍ഷ്യസിനപ്പുറം ചൂട് കൂടില്ലെന്നതും ശൈത്യകാലങ്ങളില്‍ ഒരിയ്ക്കലും താപനില പൂജ്യം ഡിഗ്രിയില്‍ താഴെ ആവാറില്ലെന്നതുമാണ് സിക്കിമിലെ കാലാവസ്ഥയുടെ അനുഗ്രഹീതമായ വശം. മണ്ണിടിച്ചിലിന് കാരണമാകുന്ന കനത്ത മഴയുള്ള മണ്‍സൂണ്‍ കാലഘട്ടം മാത്രമാണ് അല്പം അരക്ഷിതമായ സമയം. 

സിക്കിമിന്റെ വിവിധ നാമങ്ങള്‍ , ഉപമേഖലകള്‍ , ജനസാമാന്യങ്ങള്‍

വിവിധ ഗോത്രങ്ങളും വംശങ്ങളും അധിവസിക്കുന്ന സിക്കിമില്‍ ഓരോ ജനതയും അവരുടെ മനോഗതിയ്ക്കനുസരിച്ചുള്ള പേരുകളിലാണ് സിക്കിമിനെ പരിചയപ്പെടുത്തുന്നത്. ലെപ്ച വംശജര്‍ ഇതിനെ നിയെ-മെ-എന്‍ അഥവാ ‘പറുദീസ’ എന്നാണ് വിളിക്കുന്നത്. ലിംബു സമുദായത്തില്‍ പെട്ടവര്‍ ‘പുതിയ വസതി’ എന്നര്‍ത്ഥം വരുന്ന സു-ഖിം എന്നും, ഭൂട്ടിയ സമുദായം ‘ബെമുല്‍ ഡെമസോങ്’ എന്നുമാണ് വിളിക്കുന്നത്. നെല്‍കതിരിന്റെ കാണാ താഴ്വര എന്നാണിതിനര്‍ത്ഥം. സുഗമമായ ഭരണനിര്‍വ്വഹണത്തിനായി സിക്കിം സംസ്ഥാനത്തെ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പൂര്‍വ്വ, പശ്ചിമ, ഉത്തര, ദക്ഷിണ സിക്കിം എന്നിങ്ങനെ. ഗാങ്ടോക്, ഗേസിംങ്, മംഗന്‍ , നംചി എന്നിവയാണ് യഥാക്രമം അവയുടെ ആസ്ഥാനപട്ടണങ്ങള്‍ . സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യ 607,000 ആണ്. ഇന്ത്യയിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനമാണ് സിക്കിം. വലിപ്പത്തില്‍ , ഗോവയ്ക്ക് പുറകിലായി ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമെന്ന പ്രത്യേകതയും സിക്കിമിനുണ്ട്.

സിക്കിമിലെ കാഴ്ചകള്‍

ആരെയും മയക്കുന്ന വശ്യസുന്ദരമായ ഒരുപാട് കാഴ്ചകള്‍ സിക്കിമിലുണ്ട്. സിക്കിമിന്റെ കാവല്‍ പുരുഷനായ ഗുരു പത്മസംഭവയുടെ അതികായ പ്രതിമ, സംസ്ഥാന പുഷ്പത്തിന്റെ അനവധി വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന മനോഹരമായ നിത്യഹരിത സസ്യ വൃക്ഷ സങ്കേതം, ലോകത്തിലെ ഉന്നതശീര്‍ഷനായ മൂന്നാമത്തെ കൊടുമുടിയെന്ന ഗര്‍വ്വുമായി നില്‍ക്കുന്ന കാഞ്ചന്‍ ജംഗ, നിരവധി ബുദ്ധാശ്രമങ്ങള്‍ , നയനാഭിരാമമായ പച്ചപ്പുകള്‍ , ഹിമബാഷ്പമുള്ള നദികള്‍ , ചൂട് വെള്ളത്തിന്റെ ഉറവകള്‍ , ഗ്രാമത്തിനും ഇവിടത്തെ പരിസ്ഥിതി സൗഹാര്‍ദ്ദ വിനോദസഞ്ചാരത്തിനും അനുകൂലമായ പ്രശാന്ത സുന്ദര മേഖലകള്‍ , സാഹസ വിനോദങ്ങള്‍ക്ക് യോജിച്ച മലനിരകള്‍ എന്നിങ്ങനെ പട്ടിക നീളുന്നു.

ഭക്ഷണവും ആഘോഷങ്ങളും

സിക്കിമിന്റെ പാചകശാസ്ത്രവും സംസ്ക്കാരവും സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. അരി കൊണ്ടുള്ള ഭക്ഷണവിഭവങ്ങളാണ് ഇവിടത്തുകാര്‍ക്ക് പത്ഥ്യം. പരമ്പരാഗതമായ പാചകശൈലിയും വിഭവങ്ങളും ഇവിടെയെത്തുന്ന സന്ദര്‍ശകരെ രുചിയുടെ പുതിയ തലങ്ങളിലെത്തിക്കും. മോമോസ്, ചോമിന്‍ , വാന്റന്‍ , ഫക്തു, ഗ്യാതുക് അഥവാ തുക്പ എന്ന നൂഡില്‍ സൂപ്പ്, ഫഗ്ശപ, നിന്‍ഗോയും ചുര്‍പിയും എന്നിവയെല്ലാം ഇവിടത്തെ രുചികരമായ വിഭവങ്ങളാണ്. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗവും സിക്കിം ജനങ്ങള്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്.ഈ നാട്ടുകാര്‍ സാധാരണയായി ആഘോഷിച്ച് വരാറുള്ള ഉത്സവങ്ങളില്‍ ചിലതാണ് മാഗെ സംക്രാന്തി, ഭീംസെന്‍ പൂജ, ദ്രുപ്ക തേശി, ലോസര്‍ , ബുംചു, സാഗാ ദാവ, ലുസാങ് എന്നിവ. സിക്കിമില്‍ താമസമാക്കിയിട്ടുള്ള നേപ്പാളി സമൂഹവും ഈ ഹൈന്ദവ ആഘോഷങ്ങളില്‍ സജീവമായി പങ്ക് കൊള്ളാറുണ്ട്.സഞ്ചാരസായൂജ്യത്തിന്റെ അനര്‍ഘമായ കാഴ്ചകള്‍ സിക്കിമിന്റെ ഓരോ മുക്കിലും ദിക്കിലും അനന്യമായ ചാരുതയോടെയാണ് സമ്മേളിച്ചിട്ടുള്ളത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒരുനാളും മറക്കാനാവാത്ത അനുഭവങ്ങളും അനുഭൂതികളും ഈ ഭൂമിക സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.