ശൃംഗേരിയിലേക്കുള്ള യാത്രയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു കാഴ്ചയാണ് ശ്രീ ശാരദാക്ഷേത്രം. ശാരദാംബാക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. അറിവിന്റെയും വിജ്ഞാനത്തിന്റെയും ദേവതയായ ശാരദാംബയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് ഒരു ദക്ഷിണമ്നായ പീഠം ഇവിടെ സ്ഥാപിച്ചിരിക്കുന്നത് കാണാം. ആചാര്യ ശ്രീ ശങ്കര ഭഗവത്പാദര്‍ ഏഴാം നൂറ്റാണ്ടിലാണ് ഇത് സ്ഥാപിച്ചതെന്നാണ് വിശ്വാസം.
ഇവിടെയുണ്ടായിരുന്ന ചന്ദനവിഗ്രഹം പതിനാലാം നൂറ്റാണ്ടില്‍ മാറ്റി പകരം സ്വര്‍ണത്തിലും കല്ലിലും തീര്‍ത്തതാണ് ഇപ്പോളുള്ള വിഗ്രഹമെന്നാണ് കരുതപ്പെടുന്നത്. പരമശിവന് ശങ്കരാചാര്യര്‍ക്ക് സമ്മാനിച്ചത് എന്ന് കരുതപ്പെടുന്ന ശിവലിംഗവും ഈ ക്ഷേത്രത്തിലുണ്ട്. ഇടക്കാലത്ത് തീപ്പിടിച്ച് നശിച്ചുപോയ ഈ ക്ഷേത്രം തെക്കേ ഇന്ത്യന്‍ വാസ്തുവിദ്യാ ശൈലിയിലാണ് പുനര്‍നിര്‍മിച്ചത്. ദുര്‍ഗാ ദേവി, രാജ രാജേശ്വരി, ദ്വാരപാലകര്‍ എന്നിവരോട് കൂടിയ മഹാമണ്ഡപമുണ്ട് ഇവിടെ.
തമിഴ് നാട്ടിലെ ശില്‍പ്പശാസ്ത്ര പ്രാവീണ്യത്തെ ഓര്‍മപ്പെടുത്തുന്ന ക്ഷേത്രത്തില്‍ സ്വര്ണാഭിഷിക്തയായ അഷ്ടലക്ഷ്മിരൂപവും കാണാം. നവരാത്രി പൂജയും, ചൈത്ര ശുക്ല പൗര്‍ണമി ദിനത്തിലെ പ്രത്യേക പൂജയുമാണ് ഇവിടെത്തെ വിശേഷദിവസങ്ങള്‍. കാര്‍ത്തിക പൗര്‍ണമി ദിവസത്തിലെ ദീപോത്സവം, മഹാശുക്ല പഞ്ചമിയിലെ ലളിത പഞ്ചമി, മാഘ തൃതീയ നാളിലെ ശ്രീ ശാരദാംബ രഥോത്സവം എന്നിവയാണ് പ്രദേശവാസികള്‍ ആഘോഷിക്കുന്ന മറ്റ് വിശേഷാവസരങ്ങള്‍. ശാരദാംബ ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്തായി ഒരു ഗണപതി ക്ഷേത്രവും സഞ്ചാരികള്‍ക്ക് കാണാം.