അംബീകാപൂരില് നിന്നും 51 കിലോമീറ്ററും സുരാജ്പൂരില്‍ നിന്നും 93 കിലോമീറ്ററും ദൂരമാണ് ദിയോഗഢിലേക്കുള്ളത്. റിഹന്ദ് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ദിയോഗഢ് ഹിന്ദുക്കളുടെ മതകേന്ദ്രമാണ്. ബാബ ഭൂലേനാഥ് അഥവ മഹാദേവന്റെ ഒരു ക്ഷേത്രമിവിടെയുണ്ട്. ഇന്ത്യയിലെ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ബാബ ഭൂലേനാഥ്. ശിവരാത്രി വേളയില്‍ വിവിധ വിഭാഗങ്ങള്‍ സംഘടിപ്പിക്കുന്ന വലിയ മേള ഇവിടെ ഉണ്ടാകാറുണ്ട്. ഹിന്ദു മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണിത്.
ഇക്കാലയളവില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേയ്ക്കെത്താറുണ്ട്. മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് ,ഒറീസ്സ , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ റിഹന്ദ് നദിയുടെ തീരത്തുള്ള ഗായത്രി മന്ദിറില്‍ നിന്നുമാണ് യാത്ര തുടങ്ങുന്നത്. പുണ്യ ജലത്തില്‍ മുങ്ങി കുളിച്ച് ശിവലിംഗത്തില്‍ അഭിഷേകം ചെയ്യാനുള്ള ജലവും ഇവര്‍ കരുതിയിരിക്കും.ശിവരാത്രി ദിവസം രാത്രി മുഴുവന്‍ ഭജനകളും കീര്‍ത്തനങ്ങളും ആലപിച്ച് ഉറങ്ങാതിരിക്കും.
തീര്‍ത്ഥാടന കേന്ദ്രം എന്നതിലുപരി ദിയോഗഡിന്റെ പ്രകൃതി ഭംഗിയും ഇവിടേയ്ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. റിഹന്ദ് നദിയുടെ തീരം പ്രശാന്തവും സുന്ദരവുമാണ്. നിരവധി ക്ഷേത്രങ്ങള്‍ ഉള്ള ദിയോഗഢ് ദിയോരാഹ് എന്നും അറിയപ്പെടുന്നുണ്ട്. ഇവടുത്തെ ഒരോ കുന്നുകളിലും ഓരോ ചെറു ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. ഗൗരി ശങ്കര്‍ ക്ഷേത്രത്തിലെ പുരാവസ്തുക്കള്‍ അക്കാലത്തെ രാജവംശങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.