ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവിതാന്ത്യം വരെ പൊരുതിയ സ്വാതന്ത്ര്യപോരാളിയായിരുന്നു വീരപാണ്ഡ്യ കട്ടബൊമ്മന്. സാലികുളത്ത് സ്ഥിതിചെയ്യുന്ന പാഞ്ചാലംകുറിച്ചി കോട്ട പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇദ്ദേഹം പണിതതാണെന്ന് കരുതപ്പെടുന്നു. മധുര ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന നായക് വംശത്തിന്റെ സാമന്ത രാജാവായിരുന്നു കട്ടബൊമ്മന്. 1799 ല്‍ ബ്രിട്ടീഷുകാര്‍ കോട്ട ആക്രമിച്ച് നശിപ്പിക്കുകയും കട്ടബൊമ്മനെ തടവിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരന് പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്ന് കോട്ട വീണ്ടെടുത്തെങ്കിലും കോട്ടയുടെ അവസ്ഥ പരിതാപകരമായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറെകാലം പുരാവസ്തുവകുപ്പിന്റെ മേല്‍ നോട്ടത്തിലായിരുന്നു ഈ കോട്ട. 1974 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പുതിയൊരു കോട്ട പണിത് അതിന് കട്ടബൊമ്മന് സ്മാരക കോട്ട എന്ന് നാമകരണം ചെയ്തു. കോട്ടയ്ക്കകത്തുള്ള കോവിലില്‍ കട്ടബൊമ്മന്റെ കുലദൈവമായ ജക്കമ്മാളിനെ കുടിയിരുത്തിയിട്ടുണ്ട്.