ഹൈന്ദവവിശ്വാസപ്രകാരമുള്ള 108 ദിവ്യദേശങ്ങളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രമാണിത്. കോതൈ, പഹ്രലി, താമരഭരണി നദികള്‍ ചേര്‍ന്നൊരുക്കുന്ന സുന്ദരമായ ലൊക്കേഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനും ആദികേശവപ്പെരുമാളുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. കേരള ക്ഷേത്രനിര്മ്മാണശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മരവും കരിങ്കല്ലുമാണ് നിര്‍മ്മാണത്തിന് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. വിവിധ ഹിന്ദുദൈവങ്ങളുടെ രൂപങ്ങള്‍ മരത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ തൂണിലും മച്ചിലുമെല്ലാം പുരാണങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ കാണാം.
ആദി ധാമ സ്ഥലം, ദക്ഷിണ വൈകുണ്ഡം, ചേരനാട്ടിലെ ശ്രീരംഗം എന്നിങ്ങനെയെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെ അനന്തശയനരൂപത്തിലാണ് ഇവിടുത്തെ വിഷ്ണുവിഗ്രഹം. തിരുവനന്തപുരത്തേത് കിഴക്കിനഭിമുഖമായിട്ടാണെങ്കില് തിരുവട്ടാറിലെ പ്രതിഷ്ഠ പടിഞ്ഞാറിന് അഭിമുഖമായിട്ടാണ്.