വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

പ്രാർത്ഥിക്കാൻ ഇനി കാരണം വേണ്ട; കേരളത്തിലെ 50 ക്ഷേ‌ത്രങ്ങൾ പരിചയപ്പെടാം

Written by: Anupama Rajeev
Published: Saturday, December 3, 2016, 10:30 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കേര‌ളത്തിലെ ഏറ്റ‌വും പ്രശസ്തമായ ക്ഷേത്രം ഏതാണെന്ന് ചോദിച്ചാൽ പെ‌ട്ടെ‌ന്ന് ഒരു ഉത്തരം പറയുക ബുദ്ധിമുട്ടാണ്. കാരണം നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുടെ ലിസ്റ്റ് തന്നെ നമുക്ക് പറയാനു‌ണ്ട്. ശബരിമലയും ഗുരുവായൂരും അമ്പലപ്പുഴയുമൊക്കെ പ്രശസ്തമായത് തന്നെ ക്ഷേത്രങ്ങളുടെ പേരിലാണ്.

ഈ രണ്ട് ക്ഷേത്രങ്ങൾ മാത്രമല്ല കേരളത്തിൽ പ്രശസ്തമായത്. ആയിരക്കണക്കിന് ക്ഷേത്രങ്ങളുള്ള കേരളത്തിൽ ഭക്തലക്ഷങ്ങ‌ൾ എത്തി‌ച്ചേരുന്ന ക്ഷേത്രങ്ങൾ നിരവധിയാണ്.  കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം

ക്ഷേത്രങ്ങള്‍ പ്രശസ്ത‌മാക്കിയ കേരളത്തിലെ 25 സ്ഥലങ്ങള്‍

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 അമ്മദൈവങ്ങള്‍

ഓരോ കൃഷ്ണഭക്തനും അറി‌ഞ്ഞിരിക്കണം, ഇന്ത്യയി‌ലെ ഈ ശ്രീകൃഷ്ണ ക്ഷേത്രങ്ങളേക്കുറിച്ച്

ക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളും

01. കാർത്യായനി ക്ഷേത്രം, ചേർത്തല

ചേർത്തല നഗരഹൃദയത്തിലായി റോഡരികിലായിട്ടാണ് കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ശ്രീ കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വിശദമായി വായിക്കാം
Photo Courtesy: Vanischenu

02. അനന്തപുര ക്ഷേത്രം, കാസർകോട്

തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Shiju

03. പാർത്ഥസാരഥി ക്ഷേത്രം, ആറന്മുള

കേരളത്തിലെ പഞ്ചപാണ്ഡവ ദിവ്യദേശങ്ങളിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ആറൻമുള പാർത്ഥ സാരഥി ക്ഷേത്രം. പാണ്ഡവരിൽ മൂന്നാമനായ അർജുനനാണ് ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ട നടത്തിയത്. ധർമ്മപുത്രൻ സ്ഥാപിച്ച ചെങ്ങന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പത്ത് കിലോമീറ്റർ തെക്കായി പമ്പാ നദിയുടെ തീരത്താണ് ആറൻമുള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Captain

04 പറശ്ശിനിക്കടവ് മുത്തപ്പൻ ‌ക്ഷേത്രം, കണ്ണൂർ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്ന് 10 കിലോമീറ്റർ അകലെയായി വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Reju

 

05. തിരുനെല്ലി ക്ഷേത്രം, മാന‌ന്തവാടി

വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലം മുതലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഹിന്ദുക്കളുടെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ്. വിശദമായി വായിക്കാം

Photo Courtesy: Shinekarthikeyan

06. ലോകനാർകാവ് ക്ഷേത്രം, വ‌ടകര

വടക്കൻപാട്ടിൽ പ്രതിപാദിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 5 കിലോമീറ്റർ അകലായായി മേമുണ്ടയിലാണ്. തച്ചോളിക്കളി എന്ന കലാരൂപം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട് ഈ കലാരൂപത്തിന്.

Photo Courtesy: Arkarjun1

07. മണ്ണാറശാല നാഗരാജ ക്ഷേത്രം, ഹരിപ്പാട്

കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നായ മണ്ണാറശാല നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴയിലാണ്. ഒട്ടേറെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തന്റെ പ്രതിഷ്ഠയുമുണ്ട്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vibitha vijay

08. ഏറ്റുമാനൂർ ക്ഷേ‌‌‌ത്രം, ഏറ്റുമാനൂർ

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മിച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്‍റിംഗുകളാണ്. വിശദമായി വായിക്കാം
http://malayalam.nativeplanet.com/kumarakom/attractions/ettumanoor-mahadeva-temple/
Photo Courtesy: Rklystron
http://en.wikipedia.org/wiki/File:Ettumanoor_temple_north_gate.JPG

09. ചോറ്റാനിക്കര ദേവി ക്ഷേത്രം, ചോറ്റാനിക്കര

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തില്‍ ഭഗവതിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്. രാവിലെ ഭഗവതി സരസ്വതിയായും, ഉച്ചക്ക് ലക്ഷ്മിയായും വൈകുന്നേരം ദുര്‍ഗ്ഗയായും പൂജിക്കപ്പെടുന്നു. ഈ മൂന്നു സമയങ്ങളില്‍ വെള്ളയിലും, രക്തവര്‍ണ്ണത്തിലും നീലവര്‍ണ്ണത്തിലും വെവ്വേറെ ഉള്ള വസ്ത്രങ്ങളിലാണ് ദേവി കാണപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Roney Maxwell

 

10. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്. വിശ‌ദമായി വായിക്കാം

Photo Courtesy: Vinayaraj

11. ശ്രീ അയ്യപ്പ ക്ഷേത്രം, ശബരിമല

കേരളത്തിന് പുറത്തും ഏറേ പ്രശസ്തമാണ് ശബരിമലയിലെ അയ്യപ്പ ക്ഷേത്രം. 41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. സ്വാമി അയ്യപ്പനാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മണ്ഡലകാലത്താണ് ഇവിടെ ഏറേ തിരക്ക് അനുഭവപ്പെടുക. വിശദമായി വായിക്കാം

Photo Courtesy: AnjanaMenon

 

12. ശ്രീകൃഷ്ണ ക്ഷേത്രം, അമ്പലപ്പുഴ

ആലപ്പുഴ ജില്ലയിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിനെ പാർത്ഥ സാരാഥിയുടെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം, അത്യപൂര്‍വ്വമാണ് വിഷ്ണുവിന്റെ ഈ രൂപം. എഡി 790ല്‍ അന്നത്തെ നാട്ടുരാജാവായിരുന്ന ചെമ്പകശേരി പൂരാടം തിരുനാല്‍ ദേവനാരായണനാണ് ഈക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിലെ പ്രസാദമായ അമ്പലപ്പുഴ പാൽപ്പായസം ഏറേ പ്രസിദ്ധമാണ്. വിശദമായി വായിക്കാം
Photo Courtesy: Srijithpv

13. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ട. അനന്തൻ എന്ന സർപ്പത്തിൽ നീണ്ട് നിവർന്ന് കിടക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. തഞ്ചാവൂരിലെ നിർമ്മാണ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാനവിഗ്രഹത്തിന് അരികിലായി ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളും കാണാം. വിശദമായി വായിക്കാം

Photo Courtesy: Ashcoounter

14. ഉത്രാളിക്കാ‌വ്, വടക്കാഞ്ചേരി

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പരിത്തിപ്രയിലെ ശ്രീ രുധിര മഹാകാളിക്കാവിലാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. കേരളത്തിലെ പേരുകേട്ട കാളിക്ഷേത്രമാണ് ശ്രീ രുധിര മഹാകാളി ക്ഷേത്രം. എട്ട് ദിവസത്തെ ക്ഷേത്രോത്സവത്തിലെ പ്രധാന ദിനത്തിലാണ് പൂരം അരങ്ങേറുന്നത്. കുംഭമാസത്തിലെ പൂരം നാളിനോട് അനുബന്ധിച്ചാണ് എല്ലാവർഷവും ക്ഷേത്ര മഹോത്സവം നടക്കാറുള്ളത്. തൃശരിൽ നിന്ന് ഷോർണൂരിലേക്ക് പോകുന്ന റൂട്ടിൽ വടക്കഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായി പരുത്തിപ്പാറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Mullookkaaran

 

15. ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം

തിരുവനന്തപുരത്താണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി കിള്ളിയാറിന്റെ തീരത്തായാണ് ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറ്റുകാലിലെ മുല്ലക്കൽ തറവാടുമായി ബന്ധപ്പെട്ടാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vijayakumarblathur

16. കൊട്ടിയൂർ ക്ഷേത്രം, കൊട്ടിയൂർ

വയനാടന്‍ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇക്കരെ കൊട്ടിയൂർ അക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഇവിടെ വച്ചാണ് ദക്ഷൻ യാഗം നടത്തിയെതെന്നാണ് ഐതിഹ്യം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നി‌ന്ന് 64 കിലോമീറ്റർ അകലെ വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂർ. വിശദമായി വായിക്കാം

Photo Courtesy: Satheesan.vn

17. വാമന ക്ഷേത്രം, തൃക്കാക്കര

ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രത്തില്‍ വിഷ്ണുവിനെ വാമന രൂപത്തില്‍ പ്രതിഷ്ടിച്ചുള്ള ഏക ക്ഷേത്രം എന്നതാണ് തൃക്കാക്കര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എറണാകുളം ജില്ലയിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ssriram mt

 

18. മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എന്നാല്‍ കാലംചെന്നപ്പോള്‍ ഉപദൈവമായ ഗണപതിയുടെ ക്ഷേത്രമെന്ന രീതിയിലാണ് ഇത് പ്രശസ്തമാകാന്‍ തുടങ്ങിയത്.
Photo Courtesy: Binupotti at the wikipedia

19. മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം, കോട്ടയം

കോട്ടയം ജില്ലയിലെ മള്ളിയൂരാണ് മള്ളിയൂർ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം നഗരത്ത് നിന്ന് 23 കിലോമീറ്റർ അകലെയായിട്ടാണ് മള്ളിയൂർ സ്ഥിതി ചെയ്യുന്നത്. എറണകുളത്ത് നിന്ന് കുറുപ്പന്തറ വഴി ഇവിടേയ്ക്ക് എത്തിച്ചേരാം.

Photo Courtesy: malliyoortemple

 

20. പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം, തിരുവനന്തപുരം

തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്‍ശനം.ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്‍. വിനായക ചതുർത്ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.

Photo Courtesy: Jithindop

 

21. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം

ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നു എങ്കിലും ഇത് ശിവക്ഷേത്രമാണ്. ആദ്യകാലത്ത് ഇവിടെ ശിവ പ്രതിഷ്ട മാത്ര ഉണ്ടായിരുന്നുള്ളു. പിന്നീട് ചില പൂജാരിമാര്‍ പ്രശ്നം വച്ചതിനേത്തുടര്‍ന്ന് ഇവിടെ ഗണപതിയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഗണപതി പ്രതിഷ്ട നടത്തിയത്. ഗണപതി പ്രീതിക്കായി കാസർകോട് മുതൽ ഗോകർണം വരെ ഒരു യാത്ര ഉദയാസ്തമയ പൂജകളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉണ്ണിയപ്പമാണ് ഇവിടെ പ്രസാദമായി ലഭിക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഏറേ ഇഷ്ടമാണെന്നാണ് വിശ്വാസം. ഗണപതിയെ ഉണ്ണിയപ്പത്തില്‍ മൂടുന്ന ഒരു ചടങ്ങും ഇവിടെ നടക്കാറുണ്ട്. മൂടപ്പ സേവ എന്നാണ് ഇത് അറിയപ്പെടുന്നത്.

Photo Courtesy: Sureshan at the English Wikipedia

 

22. പ‌‌രബ്രഹ്മ ക്ഷേത്രം, ഓച്ചിറ

വളരെ വ്യത്യസ്തമായ ആചാര അനുഷ്ടനാങ്ങള്‍ ഉള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓച്ചിറയിലെ പരബ്രഹ്മക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ടയായ ഓംകാര മൂര്‍ത്തിയെ ക്ഷേത്രത്തില്‍ അല്ല പ്രതിഷ്ടിച്ചിരിക്കുന്നത് എന്നതാണ് പ്രധാന കൗതുകം. 'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍' എന്ന് തുടങ്ങുന്ന സിനിമാഗാനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വിശദമാ‌യി വായിക്കാം

Photo Courtesy: Fotokannan

23. പനച്ചിക്കാട് സര‌സ്വതി ക്ഷേത്രം, കോട്ടയം

വളരെ പഴക്കമുള്ള ഒരു വിഷ്ണു ക്ഷേത്രമാണ് പനച്ചിക്കാട് ക്ഷേത്രം. എന്നാല്‍ സരസ്വതിയുടെ പേരിലാണ് പനച്ചിക്കാട് ക്ഷേത്രം പ്രസിദ്ധമായത്. വിഷ്ണുവിനോടൊപ്പം സരസ്വതിക്കും ഈ ക്ഷേത്രത്തില്‍ തുല്ല്യപ്രാധാന്യമാണ്. കോട്ടയം - ചങ്ങനാശേരി റോഡില്‍ ചിങ്ങവനത്ത് നിന്ന് നാലു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vinay at Malayalam Wikipedia

24. തിരുമാന്ധാംകുന്ന് ക്ഷേത്രം

മലപ്പുറം ജില്ലയിലാണ് പ്രശസ്തമായ തിരുമാന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി ക്ഷേത്രമാണെങ്കിലും ഇവിടുത്തെ ഗണപതി പ്രതിഷ്ടയും ഏറെ പ്രശസ്തമാണ്. പാർവതീ പരമേശ്വരൻമാരോടൊപ്പം നിൽക്കുന്ന ഉണ്ണിഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ട. ഇഷ്ടമാംഗല്യത്തിന് ഭക്തർ ഉണ്ണിഗണപതിക്ക് വഴി പാട് നടത്താറുണ്ട്. മംഗല്യപൂജ എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rojypala

25. തിരുവില്വാമല, തൃശ്ശൂര്‍

തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ശ്രീരാമ പ്രതിഷ്ഠയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നും ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും വിശ്വാസികള്‍ കരുതുന്നു. ക്ഷത്രത്തിന്റെ വടക്കു ഭാഗത്ത് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്ത് മാറി സാക്ഷാല്‍ ഭാരതപ്പുഴ ഒഴുകുന്നു. വിശദമായി വായിക്കാം

Photo Courtesy: Aruna at ml.wikipedia

26. തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി

തലശ്ശേരി നഗരത്തിന് കിഴക്കായി തിരുവങ്ങാട് എന്ന സ്ഥലത്താണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ട. കേര‌ളത്തിൽ ശ്രീരാമ പ്രതിഷ്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മേടമാസത്തിൽ വിഷുവിനോട് അനുബന്ധിച്ചാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കാറുള്ളത്. രണ്ടേക്കർ കൂടുതൽ വിസ്തൃതിയുള്ള ഒരു ചിറയുടെ(കുളം) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Primejyothi

27. തൃപ്പൂണ്ണിത്തുറ ശ്രീരാമ സ്വാമി ക്ഷേത്രം, എറണാകുളം

എറണാകുളം ജില്ലയിലെ തൃപ്പൂണ്ണിത്തുറയിലാണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലേക്ക് കുടിയേറിയ ഗൗര സാരസ്വത ബ്രാഹ്മണരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ ഒരുമിച്ച് നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

Photo Courtesy: RajeshUnuppally at ml.wikipedia

 

 

28. നീർ‌വേലി ശ്രീരാമ ക്ഷേത്രം, കണ്ണൂർ

അധികം പ്രശസ്തമല്ലെങ്കിലും കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിൽ നീർവേ‌ലിയിൽ സ്ഥിതി ചെയ്യുന്ന ഈ ശ്രീരാമ ക്ഷേത്രം. കൂത്തുപറമ്പിൽ നിന്ന് അധികം ദൂരമില്ലാതെ ഇരിട്ടി റോഡിലാണ് നീർവേലി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Dvellakat

 

29. മാമല്ലശേരി ശ്രീരാമ ക്ഷേത്രം, എറണാകുളം

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയാറിന്റെ തീരത്തായാണ് മാമല്ലശ്ശേരി ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ പിറവത്ത് നിന്ന് വളരെ എളുപ്പത്തിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.

Photo Courtesy: PRAVEEN 2987 at ml.wikipedia

 

30. രാമപുരം ശ്രീരാമ ക്ഷേത്രം, മലപ്പുറം

മലപ്പുറം ജില്ലയിലെ രാമപുരം എന്ന സ്ഥലത്താണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് സമീപത്തായി ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ, സീതാദേവി എന്നിവർക്കും ക്ഷേത്രങ്ങളുണ്ട്.

Photo Courtesy: Dvellakat

31. ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, മലപ്പുറം

ഹനുമാൻ ക്ഷേത്രം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രീരാമ ക്ഷേത്രമാണ് ഇത്. മലപ്പുറം ജില്ലയിൽ തന്നെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ തിരൂരിനും കുറ്റിപ്പുറത്തിനുമിടയിലായി സ്ഥിതി ചെയ്യുന്ന ആലത്തിയൂരിലാണ് ഈ ക്ഷേത്രം.

Photo Courtesy: Pranchiyettan

32. ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം, മാവേലിക്കര

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭഗവതിയാണ് പ്രതിഷ്ഠ. ഭഗവതിയെ മൂന്ന് രൂപത്തിലാണ് ഇവിടെ പൂജിയ്ക്കുന്നത് പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ ലക്ഷ്മിയായും വൈകുന്നേരത്തോടെ ശ്രീ ദുര്‍ഗയായും ദേവി മാറുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് രസകരങ്ങളായ ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ക്ഷേത്ത്രതില്‍ ഒട്ടേറെ ഉത്സവങ്ങളും നടക്കാറുണ്ട്. ആലപ്പുഴ നഗരത്തില്‍ നിന്നും മാറി മാവേലിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന ക്ഷേത്രമാണത്രേ ഇത്

Photo Courtesy: Hellblazzer

 

33. മ‌‌മ്മിയൂർ മഹാദേവ ക്ഷേത്രം, ഗുരുവായൂർ

ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: RanjithSiji

 

34. രാജരാജേശ്വര ക്ഷേ‌ത്രം, തളിപറ‌മ്പ്

രാ‌ജ‌രാജേശ്വ‌രി ക്ഷേത്രം കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ മറ്റൊരു പേരായ രാജരാജേശ്വരന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. വിശദമായി വായിക്കാം

Photo Courtesy: Vaikoovery

35. വടക്കും നാഥ ക്ഷേത്രം, തൃശൂർ

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Mullookkaaran

36. കാഞ്ഞിരമറ്റം മാഹദേവ ക്ഷേത്രം, തൊടുപുഴ

ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് കാഞ്ഞിരമറ്റം മാഹദേവ ക്ഷേത്രം ‌സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്ര‌ത്തിലെ പ്രധാന പ്രതിഷ്ട.

Photo Courtesy: RajeshUnuppally at ml.wikipedia

 

37. കവിയൂര്‍ മഹദേവ ക്ഷേത്രം, തിരുവ‌ല്ല

കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുക്കവിയൂര്‍ മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. തിരുവല്ല നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യതന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. ചരിഞ്ഞ മേല്‍ക്കൂരകളോടുകൂടി ത്രികോണാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നൂറ് വര്‍ഷത്തിലുമേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. വിശദമായി വായിക്കാം

Photo Courtesy: Ajithkavi

38. തിരുനക്കര മഹാദേവ ക്ഷേത്രം, കോട്ടയം

പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥകളിപോലുള്ള ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്നത് ഈ കൂത്തമ്പലത്തിലാണ്.ക്ഷേത്രത്തിന്റെ ചുവരുകള്‍ ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രം കാണാനും ദര്‍ശനം നടത്താനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്. വിശദമായി വായിക്കാം
Photo Courtesy: RajeshUnuppally

39. വൈക്കം മഹാദേവ ക്ഷേത്രം, വൈക്കം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്. വിശദമായി വാ‌യിക്കാം

Photo Courtesy: Georgekutty

40. അക്ലിയത്ത് ശിവ ക്ഷേത്രം, കണ്ണൂർ

ആയിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വി‌ശ്വസിക്കപ്പെടുന്ന ഈ ‌ശിവ ക്ഷേ‌ത്രം കണ്ണൂര്‍ ജില്ലയിലെ വന്‍കുളത്താണ് ‌സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ശിവനെ കിരാത മൂര്‍ത്തിയായി ആണ് പ്ര‌‌തിഷ്ഠിച്ചിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്.

Photo Courtesy: Jishal prasannan

41. കാടാമ്പുഴ ദേവി ക്ഷേത്രം, കാടമ്പുഴ

മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു ക്ഷേത്രമാ‌ണ് കാടാമ്പുഴ ദേവി ക്ഷേത്രം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ നിന്ന് വളരെ അടുത്തായാണ് ഈ ക്ഷേത്രം. ദേശീയപാത 17ല്‍ വെട്ടിച്ചിറയില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിരാത രൂപിണിയായ പാര്‍വതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേ‌ത്രത്തില്‍ വിഗ്രഹങ്ങളില്ല.

Photo Courtesy: Prof tpms

 

42. കരിക്കോട് സുബ്രമണ്യ - ധര്‍മ്മ ശാസ്ത ക്ഷേത്രം, മഞ്ചേരി

ഏറെ പ്രത്യേകതകള്‍ ഉള്ള ഈ ക്ഷേത്രം. മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് സമീപത്തുള്ള കരിക്കോട് ആണ് സ്ഥിതി ചെയ്യുന്നത്. ബാലമുരുകന്‍, വേലായുധസ്വാമി, അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ള ഈ ക്ഷേത്രത്തിന് ഓരോ ദേവന്മാര്‍ക്കും വേറേ വേറെ തന്ത്രിമാരാണ് ഉള്ളത്. മൂന്ന് കൊടിമരങ്ങള്‍ ഉള്ള ഏക ക്ഷേത്രവും ഇതാണ്.

Photo Courtesy: Dvellakat

43. ചമ്രവട്ടം അയ്യപ്പ ക്ഷേത്രം, കുറ്റിപ്പുറം

മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്തിന് അടുത്തായാണ് ചമ്രവട്ടം സ്ഥിതി ചെയ്യുന്നത്. 400 വര്‍ഷത്തെ പഴക്കമുള്ള ഈ അയ്യ‌പ്പ ക്ഷേത്രം ഭാരതപ്പു‌ഴയുടെ നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ഭാരതപ്പുഴയിലെ വെള്ളം കയറി വിഗ്രഹം മൂടുമ്പോഴാണ് ഇവിടെ ആറാട്ട് നടക്കാറുള്ളത് എന്ന പ്രത്യേകത ഈ ക്ഷേ‌ത്രത്തിനുണ്ട്.

Photo Courtesy: Pranchiyettan

44. നാവമുകുന്ദ ക്ഷേത്രം, തിരു‌നാവായ

മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായി ഭാരതപ്പുഴയുടെ തീരത്തായാണ് ഏറെ പ്രശസ്തമായ നാവമുകുന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാമങ്കത്തിന് പേരുകേട്ട തിരുനാവയയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: RajeshUnuppally

45. മ‌ലയാലപ്പുഴ ദേവി ക്ഷേത്രം, ‌പത്തനംതിട്ട

മലയാലപ്പുഴ ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. ദേവി വിഗ്രഹവുമായി കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ ഭജനമിരുന്ന രണ്ട് ബ്രാഹ്മിണരുടെ വിഗ്രഹത്തില്‍ ദേവി കുടികൊള്ളുകയായിരുന്നു. അവര്‍ ആ വിഗ്രഹം മലയാ‌ലപ്പുഴയില്‍ പ്രതിഷ്ഠിച്ചുവെന്നാണ് ഐതീഹ്യം.

Photo Courtesy: Anandtr2006

 

46. ചക്കുള‌ത്ത് കാവ്, നീരേറ്റുപുറം

സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ചക്കുളത്ത് കാവിലെ വനദുര്‍ഗ ‌‌പ്രതിഷ്ഠയേയാണ് ഭക്തര്‍ ചക്കുളത്തമ്മ എന്ന് ഭക്തിപൂര്‍വം വിളിക്കുന്നത്. ഇവിടുത്തെ പൊങ്കാല പ്രശസ്തമാണ്. ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിര്‍ത്തിയി‌‌ലായി സ്ഥിതി ചെയ്യുന്ന നീരേറ്റുപുറം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: chakkulathukavutemple.org

47. മാ‌ടായിക്കാവ്, കണ്ണൂർ

തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം എന്ന് പറ‌യുന്നതിനേക്കാൾ മാടായിക്കാവ് എന്ന് പറ‌ഞ്ഞാലാണ് വടക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രത്തെ തിരിച്ചറിയാൻ കഴിയു. കേരളത്തിലെ ആദ്യത്തെ ര‌ണ്ട് ഭദ്രകാളി ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമാണ് മാടായിക്കാവ് എന്ന് അറിയപ്പെടുന്ന തിരുവാർക്കാട് ‌ഭഗവതി ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Ilango adikal chera

48. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, പെരളശ്ശേരി

കണ്ണൂരില്‍ നിന്നും 14 കിലോമീറ്റര്‍ മാറി കണ്ണൂര്‍ - കൂത്തുപറമ്പ പാതയിലാണ് പെരശേരി എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശേരിയില പ്രധാനപ്പെട്ട ആകര്‍ഷണം. വിശദമായി വായിക്കാം

Photo Courtesy: Baburajpm at ml.wikipedia

49. തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം, തിരൂർ

മലപ്പുറം ജില്ലയിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം തിരൂരില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നി‌ന്ന് അധികം ദൂരയല്ലാതെ തൃക്കണ്ടിയൂരില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: RajeshUnuppally at ml.wikipedia

 

50. അഞ്ചുമൂര്‍ത്തി മംഗലം ക്ഷേത്രം, ആലത്തൂർ

കേരളത്തിലെ 108 ശിവാല‌യങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം പാലക്കാട് ജില്ലയിലെ ആല‌ത്തൂരിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വി‌ശ്വാസം.

Photo Courtesy: RajeshUnuppally at ml.wikipedia

 

English summary

50 Most Famous Temples in Kerala

Here are some of the most famous temples in Kerala that are absolutely worth paying a visit
Please Wait while comments are loading...