Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് യാത്ര പോകാം

ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് യാത്ര പോകാം

By റിയാസ് റഷീദ് റാവുത്തര്‍

ബാംഗ്ലൂരില്‍ നിന്ന് ഒരു വീക്കെന്‍ഡ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് ചിത്രദുര്‍ഗ. ബാംഗ്ലൂരില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയായി ആന്ധ്രയോട് ചേര്‍ന്നാണ് സുന്ദരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചിത്രദുര്‍ഗയുടെ
കൂടുതല്‍ വിശേഷങ്ങള്‍ റിയാസ് റഷീദ് റാവുത്തര്‍ എഴുതുന്നു.

ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് യാത്ര പോകാം

കര്‍ണാടകയിലെ പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഒരു നദിയുണ്ട്, വേദാവതിയെന്നാണ് ആ നദിയുടെ പേര്. വേദാവതി നദിയുടെ തീരത്താണ് സുന്ദരമായ ചിത്രദുര്‍ഗ സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയില്‍ ആന്ധ്രാപ്രദേശിനോട് ചേര്‍ന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Goibibo കൂപ്പണുകള്‍ സൗജന്യമായി നേടൂ

വലിയകുന്നുകളേയും പാറക്കൂട്ടങ്ങളേയും നീലാകാശത്തേയും പശ്ചാത്തലമാക്കി ഉയര്‍ന്ന് നില്‍ക്കുന്ന നിരവധികണക്കിന് സുന്ദരമായ ചരിത്ര സ്മാരകങ്ങളാണ് ചിത്രദുര്‍ഗയിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കാനുള്ള പ്രധാന കാരണം. ഈ സ്മാരകങ്ങള്‍ക്കൊക്കെ സഞ്ചാരികളോട് രസകരമായ ചരിത്രവും പുരാണവുമൊക്കെ പറയാനുണ്ട്.

എന്റെ ഈ യാത്ര ചിത്രദുര്‍ഗയിലെ പ്രസിദ്ധമായ കോട്ടയിലേക്കാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചു എന്നു കരുതുന്ന 1500 ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്നതാണ് ചിത്രദുര്‍ഗയിലെ അത്ഭുത കോട്ട. ചിറ്റല്‍ ഡുര്‍ഗ് എന്ന് ബ്രിട്ടീഷുകാര്‍ വിളിച്ച് പോന്നിരുന്ന ഈ കോട്ട കന്നഡയില്‍ ചിത്രകല്‍ ദുര്‍ഗ എന്നാണ് അറിയപ്പെടുന്നത്. ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ട കോട്ട എന്നാണ് ഇതിന്റെ അര്‍ത്ഥം.

ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് യാത്ര പോകാം

Photo : Riyas Rasheed Ravuthar

കല്ലിനകോട്ട

കല്ലുകൊണ്ടുള്ള കോട്ട എന്നര്‍ത്ഥം വരുന്ന കല്ലിനക്കോട്ട എന്ന പേരിലാണ് തദ്ദേശിയരുടെ ഇടയില്‍ ഈ കോട്ട അറിയപ്പെടുന്നത്. ഉക്കിനക്കോട്ട, എഴുസുത്തിന കോട്ട(7 കുന്നുകളെ ചുറ്റോടു ചുറ്റും ബന്ധിച്ചാണു ഈ കോട്ട പണിതിരിക്കുന്നത്) എന്നിങ്ങനെ പല പേരുകളില്‍ ഈ കോട്ട അറിയപ്പെടുന്നു.

ചരിത്രം കേള്‍ക്കണോ?

ചിത്രദുര്‍ഗയുടെ ചരിത്രം ആരംഭിക്കുന്നത് എഡി1500 നും 1800 നും ഇടയിലുള്ള കാലഘട്ടത്തിലാണ്, രാഷ്ട്രകൂടാര്‍, ചാലുക്യര്‍, ഹൊയ്‌സാലാരാജക്കന്മാര്‍, നായകരാജക്കന്മാര്‍ തുടങ്ങിയ രാജവംശങ്ങളുടെ കാലത്താണ് ഈ കോട്ടയുടെ നിര്‍മ്മാണം നടന്നുവന്നത്. ഹൊയ്‌സാല രാജാക്കന്മാരില്‍ നിന്ന് ഈ പ്രദേശത്തിന്റെ നിയന്ത്രണം വിജയനഗര രാജക്കന്മാര്‍ക്ക് ലഭിക്കുകയും AD 1565 ല്‍ വിജയനഗര സമ്രാജ്യം അസ്തമിക്കുകയും ജന്മിത്വ പ്രഭുക്കന്മാരായിരുന്ന നായകാസിന്റെ കയ്യില്‍ അധികാരം എത്തിച്ചേരുകയും ചെയ്തു.

ബാംഗ്ലൂരിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

നായകരാജക്കന്മാരാണ് ഈ കോട്ടയെ ഇത്രയും വലുതായി പണിതുയര്‍ത്തി തകര്‍ക്കാന്‍ പറ്റാത്ത കോട്ടയാക്കി മാറ്റിയത്. 200 വര്‍ഷത്തോളം നായക രാജക്കന്മാര്‍ ഇവിടം ഭരിച്ചു, ഈ കോട്ടയുടെ സുപ്രധാന ഭാഗങ്ങള്‍ എല്ലാം പണി കഴിപ്പിച്ചിരിക്കുന്നത് AD 1689 മുതല്‍ 1722 വരെ ഭരിച്ച ബരമപ്പനായക എന്ന രാജാവാണ്.

ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക്

Photo : Riyas Rasheed Ravuthar

ആക്രമിക്കപ്പെട്ട ചിത്രദുര്‍ഗ

നിരവധി ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കോട്ടയാണ് ചിത്രദുര്‍ഗ. 1760ല്‍ ആണ് മൈസൂര്‍ രാജാവായിരുന്ന ഹൈദരലി സുല്‍ത്താന്‍ ചിത്രദുര്‍ഗ കോട്ടയെ ആദ്യമായി ആക്രമിക്കുന്നത്, അതില്‍ പരാജയമറിഞ്ഞ സുല്‍ത്താന്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം 1770 വീണ്ടും കോട്ട ആക്രമിക്കുകയും പരാജിതനാകുകയും ചെയ്തു. എന്നാല്‍ 1779ല്‍ മൂന്നാമത്തെ ആക്രമണത്തില്‍ ഹൈദരലി ഈ കോട്ട പിടിച്ചെടുക്കുകയാണുണ്ടായത്.

ടിപ്പുവിന്റെ കാലം

ഹൈദരാലിയുടെ മകന്‍ ടിപ്പുസുല്‍ത്താന്റെ കാലത്ത് കോട്ടയുടെ പുനര്‍നിര്‍മ്മാണം നടന്നു. 1799 ലെ നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെടുകയും ബ്രിട്ടീഷുകാര്‍ മൈസൂര്‍ രാജപരിധിയില്‍ വരുന്ന ഈ കോട്ട വോഡയാര്‍ രാജവംശങ്ങള്‍ക്കു നല്കുകയും ചെയ്തു. 1799 മുതല്‍ 1809 വരെ ബ്രിട്ടീഷുകാരുടെ പ്രധാന സൈനീക താവളമായിരുന്നു ഈ കോട്ട. അതിനു ശേഷം മൈസൂര്‍ സര്‍ക്കാരിന് ഈ കോട്ടയുടെ അധികാരം കൈമാറുകയാണുണ്ടായത്.

ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് യാത്ര പോകാം

Photo : Riyas Rasheed Ravuthar

പുരാണം കേള്‍ക്കണോ?

മഹാഭാരതത്തിലെ കഥകളുമായി ഈ കോട്ടയ്ക്കു ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. അസുരനായ ഹിഡൂംബന്‍ ചിത്രദുര്‍ഗ മലനിരകളില്‍ താമസിച്ചിരുന്നെന്നും ഭീമനും ഹിഡുംബാസുരനും തമ്മില്‍ ഘോരമായ യുദ്ധം നടന്നെന്നും ഭീമന്‍ ഹിഡുംബാസുരന്റെ സഹോദരിയായ ഹിഡുംബിയെ സ്വന്തമാക്കിയെന്നുമാണ് കഥ. മഹാഭാരതത്തിലെ ഈ കഥകളുമായി ബന്ധപ്പെട്ടു നിരവധി ക്ഷേത്രങ്ങളും ഈ കോട്ടയില്‍ പണി കഴിപ്പിച്ചിട്ടുണ്ട്.

കോട്ടയിലേക്ക് കടക്കാം

കോട്ടയുടെ മുന്നിലും പിന്നിലുമായി നിരവധി പ്രവേശന കവാടങ്ങളുണ്ട്. മുന്‍ വശത്ത് 19 പ്രവേശന കവാടങ്ങളാണ് ഉള്ളത്. പിന്‍ വശത്ത് അതിനിരട്ടി പ്രവേശന കവാടങ്ങള്‍ ഉണ്ട്. കൂടാതെ 35 രഹസ്യ അറകള്‍, 4 അദൃശ്യപാതകള്‍, നൂറുകണക്കിന് നിരീക്ഷണ ഗോപുരങ്ങള്‍ എന്നിവയൊക്കെ ഈ കോട്ടയിലുണ്ട്.

നിരവധി മഴവെള്ള സംഭരണികള്‍ ഈ കോട്ടയ്ക്കകത്ത് നിര്‍മ്മിച്ചിരിക്കുന്നു. 12 വര്‍ഷം വരെ മഴ പെയ്തില്ലെങ്കിലും ജലം സംഭരിക്കാന്‍ ഉള്ള മഴവെള്ള സംഭരണികള്‍, അതിക്രമിച്ചു കയറുന്ന ശത്രുവിനു എളുപ്പത്തില്‍ രാജകൊട്ടാരത്തില്‍ എത്താന്‍ സാധിക്കാത്ത നിര്‍മ്മാണ രീതി, വളഞ്ഞു പൂളഞ്ഞു നിര്‍മ്മിച്ചിരിക്കുന്ന വഴികള്‍, അങ്ങനെ ഒരു അത്ഭുത കോട്ടയാണ് ചിത്രദുര്‍ഗ്ഗ കോട്ട.

മനുഷ്യന്റെ ഇച്ഛാശക്തിക്കു മുന്നില്‍ ഒരു കോട്ട എങ്ങനെ ഉയര്‍ന്നു വന്നു എന്ന് ഇവിടെ വന്നാല്‍ മനസ്സിലാക്കാം. ചരിത്രത്തിലേക്കുള്ള തിരിച്ചൂപോക്കാണ് നമുക്കീ കോട്ടയും പരിസരവും, വലിയ ഒരു ലോകം തന്നെ ഇവിടെ തുറന്നിട്ടിരിക്കുന്നു.

ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് യാത്ര പോകാം

Photo : Riyas Rasheed Ravuthar

എത്തിച്ചേരാന്‍

ദേശീയപാത 4, ദേശീയപാത 13 എന്നീ റോഡുകളിലൂടെ കര്‍ണ്ണാടകയുടെ വിവിധ ഭാഗത്ത് നിന്ന് ചിത്രദുര്‍ഗയില്‍ എത്തിച്ചേരാം. ബാംഗ്ലൂരില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് ബസുകള്‍ ലഭിക്കും. 201 കിലോമീറ്റര്‍ ആണ് ബാംഗ്ലൂരില്‍ നിന്ന് ഇവിടേയ്ക്കുള്ള ദൂരം. ഏകദേശം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X