Search
  • Follow NativePlanet
Share
» »റാണിപുരം മടിക്കേരി ബൈക്ക് യാത്ര

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

By റിയാസ് റഷീദ് റാവുത്തര്‍

കണ്ണൂര്‍ കാസര്‍കോട് ജില്ലയി‌ലുള്ളവര്‍ക്ക് ഈ വീക്കെന്‍ഡില്‍ ബൈക്ക് ട്രിപ്പ് നടത്താന്‍ പറ്റിയ ഒരു തകര്‍പ്പന്‍ റോഡ് പരിചയപ്പെടാം. റാണിപുരം മടിക്കേരി യാത്രയേക്കുറിച്ച് റിയാസ് റഷീദ് റാവുത്തര്‍ എഴുതുന്നു.

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

കാസര്‍കോട് ജി‌ല്ലയിലെ റാണി‌പുരത്തേക്ക് ഒരു യാത്ര ചെയ്യാനായിരുന്നു മനസി‌ല്‍ ആദ്യം പദ്ധതിയിട്ടത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളായ ആലോക്കോട് - ചെറുപുഴ വഴിയാണ് യാത്ര ആരംഭിച്ചത്.

ഫ്ലൈറ്റ് ബുക്കിംഗില്‍ 50% വരെ ലാഭം നേടാം

ചെറു‌പുഴയില്‍ നിന്ന് ചിറ്റാരിക്കലിലേക്കാണ് എത്തിപ്പെട്ടത്. ചിറ്റാരിക്കലില്‍ നിന്നും പാണത്തൂരിലേക്കു ഒരു ഉഗ്രന്‍ ഊടു വഴി ഉണ്ട്‌. ബസ് സര്‍വ്വീസ്‌ ഇല്ലാത്ത, മലനിരകളിലൂടെ വെള്ളച്ചാട്ടങ്ങള്‍ കാഴ്ച ഒരുക്കുന്ന വനത്തിന് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് നീളുന്ന ഒരു റോഡ്.

ത്രി‌ല്ലടിപ്പിക്കുന്ന യാത്ര

ബൈക്ക് യാത്രികരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്ന ഒരു റോഡാണ് ഇത്. നിരവധി ഊടുവഴികള്‍ ഉള്ളതിനാല്‍ വഴി തെറ്റാനുള്ള സാധ്യതയുണ്ട്.

പാണത്തൂ‌ര്‍ റോഡ്

പാണത്തൂര്‍ റോഡില്‍ കയറി കുറച്ചു ദൂരം കൂടി പോയപ്പോള്‍ റാണിപുരം 9 കി. എന്ന ബോര്‍ഡ്‌ വലതു വശത്തു കണ്ടു. മുന്നില്‍ ഒരു മടിക്കേരി ബസ്സും. അങ്ങനെ ലക്ഷ്യസ്ഥാനം മാറി യാത്ര മടിക്കേരി റൂട്ടിലേക്കായി.

പാണത്തൂര്‍ കഴിഞ്ഞാല്‍ റോഡ് രണ്ടായിട്ട് തിരിയുന്നുണ്ട്, ഇടത്തോട്ടു ചന്ദ്രഗിരി പുഴയ്ക്കു കുറുകെയുള്ള പാലം കയറി മുന്നോട്ടുപോയാല്‍ സുള്ളിയ എത്താം, നേരെ പോയാല്‍ ബാഗമണ്ഡല, രണ്ടും നല്ല റോഡുകള്‍ തന്നെയാണ്. രണ്ടാമത്തെ വഴിയിലൂടെയായിരുന്നു എന്റെ യാത്ര.

കര്‍ണാടകയിലേക്ക്

ഇനി കന്നട ഗ്രാമങ്ങളാണ് തെങ്ങും കശുമാവും കുരുമുളകും റബ്ബറുമെല്ലാം കൃഷി ചെയ്യുന്ന കന്നട ഗ്രാമങ്ങള്‍. കര്‍ണ്ണാടകത്തിന്റെ രണ്ട് ചെക് പോസ്റ്റിലും ഒരാളെ പോലും കണ്ടില്ല, മുന്‍പു ഈ വഴി യാത്ര ചെയ്തപ്പോളെല്ലാം ഇതു തന്നെ ആയിരുന്നു അവസ്ഥ.

ഇനി യാത്ര ചന്ദ്രഗിരി പുഴയുടെ കൈവഴിയായ കുടുമ്പൂര്‍ പുഴയുടെ തീരത്തു കൂടിയാണു. ഒടുവില്‍ കരിക്കെ എന്ന സ്ഥലത്ത് എത്തി. അവിടെ നിന്ന് ഒരു ചായ കുടിച്ചു. ഇവിടെ കരിക്കെ ജല വൈദ്യുത വന്നിട്ട് അധികനാള്‍ ആയില്ല.

ബ്രഹ്മഗിരി മലനിരകള്‍

കരിക്കെ കഴിഞ്ഞാല്‍ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരി വന്യജീവീ സങ്കേതം തുടങ്ങുകയായി, തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്, കേരളത്തിന്റെ ദേശിയ പക്ഷിയായ മലമുഴക്കി വേഴാമ്പല്‍, പിന്നെ ആന, കടുവ, കരിമ്പുലി, രാജവെമ്പാല തുടങ്ങിയ ജീവികളേയും ഇവിടങ്ങളില്‍ കാണപ്പെടുന്നു.

മഴക്കാലത്തെ വെള്ളച്ചാട്ടങ്ങള്‍

ഇനിയുള്ള യാത്ര നല്ലൊരു ഏകാന്തത തരും. മഴക്കാലത്തു മാത്രം കാണുന്ന മനോഹരങ്ങളായ ഒരുപാടു വെള്ളച്ചാട്ടങ്ങളാല്‍ സമ്പന്നമാണിവിടം, ഓരോ വെള്ളച്ചാട്ടങ്ങളിലും ബൈക്കു നിര്‍ത്തി കാഴ്ചകള്‍ കണ്ടും അറിഞ്ഞുമാണു യാത്ര.

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

ആനയിറങ്ങും മാമലകള്‍

ആനയിറങ്ങുന്ന മേഖലകളില്‍ കര്‍ണ്ണാടക വനം വകുപ്പിന്റെ മുന്നറിയിപ്പു ബോര്‍ഡുകള്‍ കാണാം കൂടാതെ ഈ വനങ്ങളിലെ സസ്യ-ജന്തു ജാലകങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും കാണാന്‍ സാധിക്കുന്നതാണു, ഉയരം കൂടുന്തോറും കോടമഞ്ഞും തണുപ്പും കൂടി വരുന്നു, ഇടയ്ക്കു മഞ്ഞു മാറുമ്പോള്‍ ബ്രഹ്മഗിരി മല നിരകളുടെ കാഴ്ചകള്‍, നല്ല കാറ്റും തണുപ്പും.

കൂര്‍ഗിന്റെ മനസറിഞ്ഞ്

കൂര്‍ഗ് ഇങ്ങനെയാണു, ഒരുപാടൂ കാഴ്ചകളൂം മനോഹരങ്ങളായ സ്ഥലങ്ങളും ഒളിപ്പിച്ചു വെയ്ക്കും. കണ്ടു പിടിക്കുക എന്നുള്ളത് നമ്മളെപ്പോലുള്ള യാത്രികരുടെ ലക്ഷ്യവും.

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

കൂര്‍ഗ് ഗ്രാമങ്ങള്‍ കാണാ​‍ന്‍ തുടങ്ങിയിരിക്കുന്നു, വഴിയില്‍ നല്ല മഞ്ഞുണ്ട്, കോടമഞ്ഞില്‍ മുങ്ങിയ കുടകു നെല്‍-പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര വല്ലാത്തൊരു ആനന്ദം തരുന്നു. ഭാഗമണ്ഡല വരെ യുള്ള യാത്ര അതൊരു അനുഭവം തന്നെയാണു.

ഭാഗമണ്ഡല

ഭാഗമണ്ടലയില്‍ നിന്നും തലക്കാവേരി റോഡിലേക്കു ബൈക്കു തിരിച്ചു, കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണു തലക്കാവേരി. ഇവിടെ നിന്നുള്ള 8 കി മീറ്റര്‍ യാത്ര അതിമനോഹരമായ കാഴ്ചകളുടെ രാജവീഥികളൊരുക്കുന്നു.

തലക്കാവേരി

തലക്കാവേരിക്കു ഒരേ സമയം തന്നെ ഒരുപാടു മുഖങ്ങള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്‌. നല്ല മഴ പെട്ടെന്നു നൂല്‍ മഴയായി മാറുന്നു. നൂല്‍മഴ പതുക്കെ ശക്തമായ കോടമഞ്ഞിലേക്കും. കോടമഞ്ഞു നേര്‍ത്തു മൂടല്‍മഞ്ഞാകുന്നു. ശക്തമായ കാറ്റു മഞ്ഞിനെ ദൂരെക്കു കൊണ്ടുപൊകുമ്പോള്‍ തെളിഞ്ഞ ആകാശവും പച്ചപ്പുതച്ച മലനിരകളും കണ്ണിനു അത്ഭുത കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ടാകും. അതൊന്നു കണ്‍കുളിര്‍ക്കെ ആസ്വവദിക്കാന്‍ സമയം തരാതെ വീണ്ടും കോടമഞ്ഞും മഴയും. തലക്കാവേരി ഇങ്ങനെയാണു.

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

ഇനി തലക്കാവേരിയെക്കുറിച്ചു പറയാം. കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണു തലക്കാവേരി. 'തലക്കാവേരിഎന്നാല്‍ കാവേരിയുടെ നെറുക അല്ലെങ്കില്‍ തല എന്നര്‍ത്ഥം. കാവേരി നദി ഇവിടെ ഒരു വര്‍ഷാന്തം നിലനില്‍കുന്ന ഒരു ഉറവയില്‍ നിന്നു രൂപമെടുക്കുന്നു. പിന്നീടു ഭൂഗര്‍ഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ വേനല്‍ക്കാലത്തു നടത്തിയ യാത്രയില്‍ തലക്കാവേരിയെക്കുറിച്ചു കൂടുതല്‍ അറിയാനും വ്യക്തമായ രീതിയില്‍ കാണാനും സാധിച്ചിരുന്നു.

മഞ്ഞും തണുപ്പും മഴയും കാറ്റും മാറി മാറിവരുന്ന കാലാവസ്ഥകാരണം കൂടുതല്‍ നേരം ഇവിടെ കറങ്ങാന്‍ പ്രകൃതിയനുവദിച്ചില്ല എന്നു പറയാം. ഒരു ചായ കുടിച്ചു മടിക്കേരിക്കു പോകാം എന്നു തീരുമാനിച്ചു ഒരു പെട്ടിക്കടയില്‍ കയറി. ചൂടു പരിപ്പുവടയും ചായയും നല്ല കോടമഞ്ഞും തണുപ്പും. തലക്കാവേരിയില്‍ നിങ്ങള്‍ വരുകയാണെങ്കില്‍ ഒരിക്കലും ഇവുടത്തെ ചായ മിസ്സ്‌ ചെയ്യരുത്‌. ചായ കുടിച്ചു കഴിയുമ്പോള്‍ മനസ്സിലാകും അതിന്റെ പൊരുള്‍.

കടക്കാരന്‍ ചേട്ടനെ പരിചയപ്പെട്ടു. പേര് സന്തോഷ്‌, ഭാഗമണ്ഡലയിലാണു വീടു. കാലാവസ്ഥ മോശമായതു കൊണ്ടു ഈ സീസണ്‍ കഴിയണം നല്ല കച്ചവടം കിട്ടാന്‍. ഉച്ച കഴിയുമ്പോഴേ ആള്‍ക്കാര്‍ വരുകയുള്ളു, വേനല്‍ക്കാലത്തു ഒരുപാടു ആള്‍ക്കാര്‍ വരുമെന്നു തുലാസംക്രമണ സമയത്തു ഇവിടെ കാലുകുത്താന്‍ സ്ഥലം ഉണ്ടാകില്ലെന്നും സന്തോഷ്‌ ഭായി പറഞ്ഞുതന്നു. സന്തോഷ്‌ ഭായിക്കു ധന്യവാദകള്‍( നന്ദി) പറഞ്ഞുകൊണ്ടു അടുത്ത ലക്ഷ്യസ്ഥാനമായ മടിക്കേരിക്കു പോകാന്‍ ഞാന്‍ ബൈക്കു സ്റ്റാര്‍ട്ടു ചെയ്തു.

മടിക്കേരിയിലേക്ക്

ഇനി കുടകിന്റെ ഭരണകേന്ദ്രമായ മടിക്കേരിയിലേക്ക്. വഴിയില്‍ കോടമഞ്ഞു മാറാന്‍ തുടങ്ങിയിരിക്കുന്നു. കാഴ്ചകളും .തലക്കാവേരിയില്‍ നിന്നും ഭാഗമണ്ഡലയിലേക്കുള്ള 8 കിലോമീറ്റര്‍ റോഡ്‌ നല്ലൊരുനുഭവമായിരിക്കും. പോകുന്ന വഴിയില്‍ വിദൂര കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന നിരവധി വ്യൂ പോയിന്റുകള്‍ ഉണ്ട്.

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

ചില വ്യൂ പോയിന്റെ സമീപത്തായി വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പത്ത് പതിനഞ്ച് മിനുറ്റ് വിശ്രമിച്ച് യാത്ര തുടരാം.

രണ്ട് റോഡുകള്‍

ഭാഗമണ്ഡലയില്‍ നിന്ന് കുടകിന്റെ തലസ്ഥാനമായ മടിക്കേരിയിലേക്കു രണ്ട് റോഡുകള്‍ ഉണ്ട്. ഒന്നാമത്തേത്‌ മൈസൂര്‍-തലക്കാവേരി സംസ്ഥാന പാതയാണ്. ഈ വഴിയിലൂടെ ഒരുപാടു തവണ യാത്ര ചെയ്തതു കൊണ്ടു ഞാന്‍ രണ്ടാമത്തെ വഴിയായ എരുമാടു-മടിക്കേരി റൂട്ട്‌ തെരഞ്ഞെടുത്തു.

ഗ്രാമീണ കാഴ്ചകള്‍

ഈ വഴിയില്‍ അറിയപ്പെടാത്ത ഒരുപാടു ഗ്രാമീണ കാഴ്ചകള്‍ കാണാനാകും. നിരവധി മലയാളികളും ഈ സ്ഥലങ്ങളില്‍ പാര്‍ക്കുന്നുണ്ട്. അതിനാല്‍ ഗ്രാമങ്ങളില്‍ എവിടെ എത്തിയാലും ഒരു മലയാളിയെ കാണാനാവും.

എരുമാട്

മടിക്കേരിയില്‍ എരുമാട് എന്ന സ്ഥലത്താണ് കൂടുതലായി മലയാളികള്‍ താമസിക്കുന്നത്. കാപ്പിത്തോട്ടങ്ങള്‍,ഓറഞ്ചു തോട്ടങ്ങള്‍, നെല്‍വയലുകള്‍, ഇഞ്ചിത്തോട്ടങ്ങള്‍, ഏലത്തോട്ടങ്ങള്‍ അങ്ങനെ കാഴ്ചകള്‍ കണ്ട് എന്റെ യാത്ര തുടര്‍ന്നു. ഇടയ്ക്കിടയ്ക്കു കാവേരിയുടെ കൈവഴികള്‍ കാണാം.

ദര്‍ഗ

എരുമാട് ഒരു തീര്‍ത്ഥാടന കേന്ദ്രമാണു. ഇവിടുത്തെ ദര്‍ഗ പ്രശസ്തമാണ്. ഒരുപാടു വിശ്വാസികള്‍ വന്നു പോകുന്ന സ്ഥലമാണ് ഇത്. എരുമാടു നിന്നും ഇടത്തോട്ടു തിരിഞ്ഞാല്‍ മടിക്കേരി റോഡായി. യാത്ര കുടകിന്റെ തലസ്ഥന നഗരിയിലേക്ക്. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടു മെര്‍ക്കാറ എന്ന മഡിക്കേരിയില്‍ എത്തി. വളരെ വൃത്തിയുള്ള ഒരു ടൗണ്‍.

റാണിപുരം മടിക്കേരി ബൈക്ക് യാത്ര

മടിക്കേരിയില്‍

കര്‍ണാടകത്തിലെ കൊടക് ജില്ലയുടെ ആസ്ഥാനമാണ് മടിക്കേരി. ഒരു പ്രമുഖ വിനോദസഞ്ചാര- സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പില്‍ നിന്ന് 1170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 8 ഡിഗ്രീ സെല്‍ഷ്യസിനും 27 0 സെല്‍ഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

രാജാസ് സീറ്റ്

നേരെ രാജാസ് സ്റ്റീറ്റിലേക്കു പോയി. വിശ്രമിക്കാന്‍ പറ്റിയ മനോഹരമായ ഒരിടം. കുടക് രാജകന്മാര്‍ തങ്ങളുടെ സായഹ്നങ്ങള്‍ ചെലവഴിച്ചിരുന്നത് ഇവിടെയായിരുന്നു രാജകന്മാര്‍ വിശ്രമിച്ചിരുന്ന ഒരു മണ്ഡപം ഇപ്പോഴും ഇവിടെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. രാജാസ് സ്റ്റീറ്റിലെ വിദൂര കാഴ്ചകള്‍ മനോഹരം തന്നെ.

റാണിപുരം മടിക്കേരി ബൈക്ക് യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X