Search
  • Follow NativePlanet
Share
» »ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

By Maneesh
ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

കേരളത്തില്‍ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ മൂന്ന് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍ ഈ ക്ഷേത്രങ്ങളേക്കുറിച്ച് വിശദമായി വായിക്കാം.

സൗജന്യമായി യാത്ര കൂപ്പണ്‍ നേടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

01. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. മഹാവിഷ്ണുവിനെ പാര്‍ത്ഥസാരഥിയായി സങ്കല്‍പ്പിച്ചാണ് ഇവിടെ പൂജകള്‍ നടത്തുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം, അത്യപൂര്‍വ്വമാണ് വിഷ്ണുവിന്റെ ഈ രൂപം. എഡി 790ല്‍ അന്നത്തെ നാട്ടുരാജാവായിരുന്ന ചെമ്പകശേരി പൂരാടം തിരുനാല്‍ ദേവനാരായണനാണ് ഈക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളില്‍ ചമ്പക്കുളത്ത് രാജപ്രമുഖന്‍ വള്ളംകളി അരങ്ങേറുന്നത്.

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Photo Courtesy: Srijithpv

വില്വമംഗലം സ്വാമിയാരാണ് ക്ഷേത്രത്തിന് സ്ഥാനം നിര്‍ണ്ണയിച്ചതെന്നാണ് ഐതീഹ്യം. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. ക്ഷേത്രപ്രതിഷ്ഠാ സമയത്ത് അഷ്ടബന്ധം ഉറയ്ക്കാതായത്രേ. അപ്പോള്‍ അതുവഴി വന്ന നാറാണത്തുഭ്രാന്തനോട് തന്ത്രിമാര്‍ കാര്യം പറഞ്ഞു.

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Photo Courtesy: Vinayaraj

അദ്ദേഹം കയ്യിലുണ്ടായിരുന്ന മീന്‍ ശ്രീകോവിലിന് പുറത്തുവച്ച് വായിലെ മുറുക്കാന്‍ തുപ്പി വിഗ്രഹം അതില്‍ ഉറപ്പിയ്ക്കുകയാണത്രേ ഉണ്ടായത്. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതുകൊണ്ട് ആ സ്ഥലം താംബൂലപ്പുഴയെന്ന് അറിയപ്പെട്ടുവെന്നും പിന്നീട് ഈ പേര് അമ്പലപ്പുഴയെന്നായി മാറിയെന്നുമാണ് കഥ. അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ഏറെ പ്രശസ്തമാണ്.

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Photo Courtesy: Vinayaraj

02. മണ്ണാറശാല നാഗരാജ ക്ഷേത്രം, ആലപ്പുഴ

കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒട്ടേരെ ഐതീഹ്യങ്ങളും കഥകളുമുണ്ട് ഈ ക്ഷേത്രത്തെക്കുറിച്ച്. ആലപ്പുഴയിലെ ഹരിപ്പാടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തന്റെ പ്രതിഷ്ഠയുമുണ്ട്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Photo Courtesy: Vibitha vijay

തുലാമാസത്തിലെ ആയില്യം നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം. മണ്ണാറശാല ആയില്യമെന്നാണ് ഇത് അറിയപ്പെടുന്നത്. നാഗരാജാവിന്റെ വിഗ്രഹവുമായി വലിയമ്മയെന്ന് വിളിയ്ക്കുന്ന സ്ത്രീ നടത്തുന്ന പ്രദക്ഷിണമാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. ഹരിപ്പാട്ടുനിന്നും മൂന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സന്താനഭാഗ്യത്തിനായി ഇവിടെ നടത്തുന്ന ഉരുളി കമഴ്ത്തല്‍ വഴിപാട് ഏറെ പ്രശസ്തമാണ്.

03. ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം,

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭഗവതിയാണ് പ്രതിഷ്ഠ. ഭഗവതിയെ മൂന്ന് രൂപത്തിലാണ് ഇവിടെ പൂജിയ്ക്കുന്നത് പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ ലക്ഷ്മിയായും വൈകുന്നേരത്തോടെ ശ്രീ ദുര്‍ഗയായും ദേവി മാറുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് രസകരങ്ങളായ ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. ക്ഷേത്ത്രതില്‍ ഒട്ടേറെ ഉത്സവങ്ങളും നടക്കാറുണ്ട്.

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Photo Courtesy: Hellblazzer

ആലപ്പുഴ നഗരത്തില്‍ നിന്നും മാറി മാവേലിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന ക്ഷേത്രമാണത്രേ ഇത് . ആദിശങ്കരന്റെ ശിഷ്യനായ പത്മപാദ ആചാര്യനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ മകളാണെന്നും വിശ്വാസമുണ്ട്. കുംഭ ഭരണിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും ഫെബ്രുവരിമാര്‍ച്ച് സമയ്തതാണ് ഈ ഉത്സവം നടക്കുന്നത്. കുത്തിയോട്ടമാണ് ക്ഷേത്രോത്സവത്തിലെ ഒരു പ്രധാന വഴിപാട്.

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Photo Courtesy: Hellblazzer

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X