Search
  • Follow NativePlanet
Share
» »കൊടുങ്ങല്ലൂര്‍ ഭരണിയും കപ്പല്‍ കഥകളും

കൊടുങ്ങല്ലൂര്‍ ഭരണിയും കപ്പല്‍ കഥകളും

By Maneesh

ഭരണിപ്പാട്ട് കേട്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല, കൊടുങ്ങല്ലൂരെന്ന നാടും മലയാളികള്‍ക്ക് സുപരിചിതമാണ്. വിദേശത്ത് നിന്ന് കപ്പല്‍ കയറി വന്ന മതങ്ങളെയെല്ലാം സ്വീകരിച്ച് കസാരയില്‍ കയറ്റി ഇരുത്തിയതും കൊടുങ്ങല്ലൂരാണ്. ഇന്ത്യയിലെ മത പരിവര്‍ത്തന പ്രക്രിയ ആദ്യം തുടങ്ങിയതും അറബിക്കടലില്‍ നിന്നുള്ള കാറ്റേറ്റ് കഴിയുന്ന ഈ മണ്ണില്‍ തന്നെ.

വന്ന് കയറിയവരേ തിരിച്ചോടിച്ച് വിട്ട പാരമ്പര്യം ഒരിക്കലും ഭാരതീയര്‍ക്കില്ല. ഭാരതീയരുടെ വിശാല കാഴ്ചാടുകളുടെയും സാംസ്‌കാരിക ഔന്നത്യത്തിന്റെയും ഉദാഹരണമായി കൊടുങ്ങല്ലൂര്‍ വാഴ്ത്തപ്പെടാന്‍ കാരണം, അവിടെ എത്തിപ്പെട്ട ഇസ്ലാം, ക്രിസ്തീയ, ജൂത മതങ്ങള്‍ക്ക് ആതിഥ്യം നല്‍കിയതുകൊണ്ടാണ്.

തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ ഒരു തീർത്ഥാടന ഭൂമിയാണ്. അതുകൊണ്ട് തന്നെ, നിരവധി സഞ്ചാരികളും ഇവിടെയെത്താറുണ്ട്. ചരിത്രം കുഴിച്ച് നോക്കുന്നവർക്കും കൊടുങ്ങല്ലൂർ ഇഷ്ടം കേന്ദ്രമാണ്. കാരണം അവർക്ക് കണ്ടെത്താൻ പലതും ഇവിടെയുണ്ട്.

കൊടുങ്ങല്ലൂരിൽ ഒരു തുറമുഖം

കൊടുങ്ങല്ലൂരിൽ ഒരു തുറമുഖമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. റോമാക്കാർ, ചൈനക്കാർ, അറബികൾ എന്നിവരൊക്കെ കച്ചവട ആവശ്യത്തിന് കപ്പലിറങ്ങുന്നത് കൊടുങ്ങല്ലൂരിലായിരുന്നു. അങ്ങനെ കപ്പലുകൾ വന്നും പോയും ഇരുന്ന കാലത്ത് ഒരു ഏ ഡി 52ൽ ക്രിസ്തു ശിഷ്യനായ തോമസും ഇവിടെയെത്തിയെന്നാണ് വിശ്വാസം. കൊടങ്ങല്ലൂരിലെ മാളിയങ്കരയിൽ അദ്ദേഹം ഒരു ദേവാലയം പണിതെന്നും പറയപ്പെടുന്നു.

കൊടുങ്ങല്ലൂരിലെ ജൂത സ്വാധീനമാണ് എടുത്ത് പറയേണ്ട മറ്റൊന്ന് ഏ ഡി 69ൽ ആണ് കപ്പൽ കയറി ജൂതന്മാർ കൊടുങ്ങല്ലൂരിൽ എത്തുന്നത്. റോക്കാക്കാരുടെ ആക്രമത്തിൽ നിന്ന് രക്ഷ നേടാനാണ് അവർ എത്തിയത്. ഇവിടെ എത്തിയ ജൂതന്മാരാണ് കൊടുങ്ങല്ലൂരിനെ പ്രധാനപ്പെട്ട കച്ചവടകേന്ദ്രമാക്കിയത്.

എന്നാൽ 1341ൽ ഒരു വെ‌ള്ളപ്പൊക്കം ഉണ്ടായതോടെ കൊടുങ്ങല്ലൂർ തുറമുഖം നശിച്ച് പോയി എന്നാണ് ചരിത്രം.
ജൂത സ്വാധീനം വ്യക്തമാക്കുന്ന നിരവധി നിര്‍മ്മിതികള്‍ കൊടുങ്ങല്ലൂരിന് ചുറ്റുമുണ്ട്.

Photo Courtesy: Shahinmusthafa

ചേരമാൻ ചരിതം

ഇസ്ലാം മതത്തിന്റെ ആഭിർഭാവവുമായി ബന്ധപ്പെട്ടും കൊടുങ്ങല്ലൂരിന് ചില കഥകൾ പറയാനുണ്ട്. ചേരമാൻ രാജ്യവശമായിരുന്നും കൊടുങ്ങല്ലൂർ ഭരിച്ചിരുന്നത്. അവരിൽ ഒരു രാജാവായിരുന്നു ചേരമാൻ‌ പെരുമാൾ. ഒരു ദിവസം ഇദ്ദേഹം രാജ്യം ഉപേക്ഷിച്ച് മെക്കയിൽ തീർത്ഥാടനത്തിന് പോയി. അവിടെ വച്ച് ഇസ്ലാം മതം സ്വീകരിച്ചെന്നാണ് പറയപ്പെടുന്നത്.

താജുദ്ദിന്‍ എന്ന പേര് സ്വീകരിച്ച പെരുമാൾ യമനിലെ സഫര്‍ തുറമുഖത്ത് വെച്ച് മരിച്ചത്. മരിക്കുന്നതിന് മുന്‍പ് നാട്ടില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി ഇവിടുത്തെ ഭരണാധികാരികളോട് നിര്‍ദേശിക്കുന്ന കത്ത് ജെദ്ദയിലെ രാജാവിന് കൈമാറി. ഇതേ തുടർന്ന് പ്രവാചകനായ മൊഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ബിന്‍ ദിനാര്‍ കൊടുങ്ങലൂരില്‍ എത്തി ചേരമാന്‍ പള്ളി നിര്‍മ്മിച്ചു എന്നാണ് വിശ്വാസം.

കൊടുങ്ങല്ലൂര്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മേത്തലയിലാണ് ചേരമാന്‍ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ മുസ്ലിം പള്ളിയാണിത്. ഹിന്ദു ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പള്ളിയില്‍ ഹിന്ദു ആരാധനാലയങ്ങളുടെ മാതൃകയില്‍ നിലവിളക്കും മറ്റും ഉപയോഗിക്കുന്നതും ശ്രദ്ധേയമാണ്. സാധാരണ ലോകത്തിലെ എല്ലാ മെക്കയുടെ ഭാഗത്തേയ്ക്ക് നോക്കുന്ന രീതിയില്‍ നിര്‍മ്മിക്കുമ്പോള്‍ ചേരമാന്‍ ജുമാ മസ്ജിദിന് കിഴക്ക് ദര്‍ശനമാണ്. യഥാര്‍ത്ഥ മസ്ജിദിനോട് ചേര്‍ന്ന് പുതിയ പള്ളിയും നിര്‍മ്മിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂർ ഭരണി

കൊടുങ്ങല്ലൂർ എന്ന സ്ഥലപ്പേരിനോട് കൂട്ടിച്ചേർത്ത് പറയുന്ന വാക്കാണ് ഭരണി. അത്ര പ്രശസ്തമാണ് കൊടുങ്ങല്ലൂർ ഭരണി. കൊടുങ്ങല്ലൂരിലെ ഭദ്രകാളി ക്ഷേത്രത്തിലാണ് ഭരണി നടക്കാറുള്ളത്. ഈ ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലെ പ്രധാന ആകർഷണം. ഏകദേശം പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്രവളപ്പില്‍ ആല്‍ വൃക്ഷങ്ങളുടെ ഇടയിലായാണ് ഭഗവതി ക്ഷേത്രം.

കൊടുങ്ങല്ലൂര്‍ ഭരണിയും കപ്പല്‍ കഥകളും

Photo Courtesy: Sujithvv

കുംഭ മാസത്തിലെ ഭരണി നാള്‍ മുതല്‍ മീന മാസത്തിലെ ഭരണി വരെയാണ് ഇവിടെത്തെ ഉത്സവം. അയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇതില്‍ പങ്കു ചേരാന്‍ ഇവിടെ എത്തിച്ചേരാറുള്ളത്‍. ഈ അപൂര്‍വ്വ ഉത്സവം കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും എത്തിച്ചേരാറുണ്ട്. ഭദ്രകാളിയുടെ അവതാരമായ കണ്ണകിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ചേര രാജാവായ ചേരന്‍ ശെങ്കുട്ടവനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

ഇങ്ങനെ എല്ലാ മതവിഭാഗങ്ങളുടെ വ്യത്യസ്തങ്ങളായ ആരാധന രീതികള്‍ക്ക് വേദിയായും ചരിത്രപ്രാധാന്യമുള്ള നിരവധി അരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയിലുമെല്ലാം മതസൗഹാര്‍ദത്തിന്‍റെയും സഹവര്‍ത്തിതിന്‍റെയും അപൂര്‍വ്വ അനുഭവങ്ങളും കൊടുങ്ങലൂര്‍ സമ്മാനിക്കുന്നു. ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തെയും നാനാത്വങ്ങളിലെ ഏകത്വത്തെയും മനസിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പുണ്യഭൂമിയാണ് കൊടുങ്ങല്ലൂര്‍.

Read more about: kerala കേരളം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X