വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മണ്ണാറശാലയിലെ ഉരുളി കമഴ്ത്തൽ

Written by:
Published: Monday, May 12, 2014, 12:07 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

സര്‍പ്പരൂപങ്ങള്‍ മനുഷ്യമനസില്‍ ഭയം എന്ന വികാരം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാലും സര്‍പ്പങ്ങള്‍, അതിന്റെ രൂപഘടനയില്‍ മനുഷ്യരില്‍ വിസ്മയവും ആശ്ചര്യവും സൃഷ്ടിക്കുന്നു. ഫണം വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പങ്ങളെ മനുഷ്യരായ നമ്മള്‍ അത്ഭുതത്തോടെയേ നോക്കാറുള്ളു.

പറഞ്ഞ് വരുന്നത് സര്‍പ്പങ്ങളേക്കുറിച്ചല്ല. കേരളത്തിലെ പ്രശസ്തമായ ഒരു നാഗക്ഷേത്രത്തെക്കുറിച്ചാണ്. നാഗാരാധനയുടെ പേരില്‍ തന്നെയാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം ആളുകളെ ആകര്‍ഷിപ്പിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്രയും വലിയ ഒരു നാഗക്ഷേത്രം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്.

മണ്ണാറശാലയിലെ ഉരുളി കമഴ്ത്തൽ

Photo Courtesy: Vibitha vijay

ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ചയുടൻ തന്നെ മറ്റൊരു ലോകത്ത് എത്തിയത് പോലെ നിങ്ങൾക്ക് അനുഭവപ്പെടും. ഘോരവനങ്ങളെ ഓർമ്മിപ്പിക്കുന്ന വൻമരങ്ങളുടെ ഇടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽത്തന്നെ പ്രകൃതി സ്നേഹികൾക്കും ഈ ക്ഷേത്രവും പരിസരവും നല്ല ഒരു അനുഭവമായിരിക്കും നൽകുക. ഏകദേശം മുപ്പത് ഏക്കറോളം വരും ക്ഷേത്ര പരിസരം.

ക്ഷേത്രത്തിലേക്ക് മരങ്ങൾക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ നിരവധി നാഗപ്രതിമകളെ കാണാനാവും. പാതയോരത്തും മരചുവട്ടിലുമായി ഏകദേശം മുപ്പതിനായിരത്തിലധികം നാഗപ്രതിമകൾ കാണാൻ കഴിയും. ഇത്രയധികം നാഗപ്രതിമകളുള്ള മറ്റൊരു ക്ഷേത്രം ലോകത്ത് തന്നെ കാണാൻ കഴിയില്ല.

മണ്ണാറശാലയെക്കുറിച്ച്

നാഗഭൂമിയെന്നാണ് ചില പുരാണങ്ങളിൽ കേരളം അറിയപ്പെടുന്നത്. ഒരു പക്ഷെ പശ്ചിമഘട്ടത്തി‌‌ൽ കണ്ടുവരുന്ന വിവിധയിനം പാമ്പുകളായിരിക്കും കേരളം ഇത്തരത്തിൽ അറിയപ്പെടാൻ കാരണം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഗരാജ ക്ഷേത്രം ഏതെന്ന് ചോദിച്ചാൽ അത് മണ്ണാറശാലയായിരിക്കും. ഖാണ്ഡവ ദഹനം നടന്ന് മണ്ണ് ആറിയ ശാല ആയതിനാലാണ് മണ്ണാറശാലയ്ക്ക് ആ പേരു ലഭിച്ചത്.

സര്‍പ്പങ്ങളെ രക്ഷിക്കാനായി പ്രത്യേകമായി ഉണ്ടാക്കിയ കാവാണ് പിന്നീട് മണ്ണാറശാലയിലെ ക്ഷേത്രമായി മാറിയത്. ഈ സർപ്പങ്ങളുടെ സംരക്ഷണാർത്ഥം ക്ഷേത്രത്തിന് സമീപത്തായി ഒരു നമ്പൂതിരികുടുംബത്തേയും പാർപ്പിച്ചു. ഇവിടുത്തെ പ്രധാന വിശേഷ ദിനം തുലാമാസത്തിലെ ആയില്യമാണ്. സര്‍പ്പപൂജയ്ക്കും സര്‍പ്പ പ്രീതിക്കുമായി ഒട്ടേറെ ഭക്തജനങ്ങള്‍ ഈ ദിവസം ഇവിടെ എത്താറുണ്ട്.

ഉരുളി കമഴ്ത്തൽ

മണ്ണാറശാലയിലെ ഒരു പ്രധാന വഴിപാടാണ് ഉരുളി കമഴ്ത്തൽ. സർപ്പ ദോഷത്താൽ പുത്രഭാഗ്യമില്ലാത്തവർ സന്താനഭാഗ്യത്തിനായാണ് ഇവിടെ വന്ന് ഉരുളി കമഴ്ത്തുന്നത്. കുഞ്ഞുണ്ടായി ആറു മാസത്തിനകം ക്ഷേത്രത്തില്‍ എത്തി കമിഴ്ത്തിവച്ച ഉരുളി നിവര്‍ത്തി പായസം വച്ച് സര്‍പ്പങ്ങള്‍ക്ക് നിവേദിക്കുന്നു.

വലിയമ്മ

മണ്ണാറശാല ഇല്ലത്തെ മുതിര്‍ന്ന അന്തർജനമാണ് മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന പൂജകൾ നടത്തുന്നത് എന്നൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. വലിയമ്മ എന്ന പേരിൽ ആണ് പൂജ നടത്തുന്ന ഈ സ്ത്രീ അറിയപ്പെടുന്നത്. മണ്ണാറശാലയിലെ പ്രശസ്തമായ ആയില്യം ഉത്സവവും നാഗപ്രീതിയ്ക്കുള്ള മറ്റു ചടങ്ങുകളും നടക്കപ്പെടുന്നത് വലിയമ്മയുടെ കാർമ്മികത്വത്തിലാണ്.

ബോളിവുഡ് ബന്ധം

മല്ലികാഷരാവത്ത് അഭിനയിച്ച ഹിസ് എന്ന സിനിമയിലൂടെ മണ്ണാറശാല ബോളിവുഡിലും പ്രശസ്തമായി. ഈ സിനിമയുടെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത് മണ്ണാറശാലയിലായിരുന്നു.

മറ്റു നാഗക്ഷേത്രങ്ങൾ

തൃശൂരിലെ മാളയ്ക്ക് അടുത്തുള്ള പാമ്പുമ്മേക്കാട്, കൊല്ലത്തെ തൃപ്പാര ക്ഷേത്രം, തിരുവനന്തപുരത്തെ അനന്തന്‍‌കാട് ക്ഷേത്രം, മഞ്ചേശ്വരത്തെ മദനേശ്വര ക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മാന്നാറിലെ പനയന്നാര്‍കാവ് തുടങ്ങിയ ക്ഷേത്രങ്ങളും നാഗാരാധനയ്ക്ക് പേരുകേട്ട ക്ഷേത്രങ്ങളാണ്.

അതേസമയം, കേരളത്തിലെ പല ക്ഷേത്രങ്ങളിലും നാഗരാജാവ്, നാഗയക്ഷി, നാഗ ദൈവങ്ങള്‍, സര്‍പ്പ ദൈവങ്ങള്‍ എന്നിങ്ങനെ പല തരത്തിൽ നാഗങ്ങളെ ആരാധിക്കുന്നുണ്ട്.

English summary

Mannarasala Sree Nagaraja Temple

Mannarasala Sree Nagaraja Temple is Located in Haripad, Alapuzha district. This is a biggest temple in Kerala dedicated to snakes.
Please Wait while comments are loading...