വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

Written by: Elizabath
Updated: Monday, August 14, 2017, 18:21 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍ ചരിത്രപ്രാധാന്യമുള്ളതടക്കം നൂറുകണക്കിന് ക്ഷേത്രങ്ങളാണുള്ളത്. കേരളത്തിന്റെ ചരിത്രത്തോടും ഐതിഹ്യത്തോടും ചേര്‍ന്നു നില്‍ക്കുന്ന ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നിരവധി ക്ഷേത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ്. എട്ടാം നൂറ്റാണ്ടില്‍ ദ്രാവിഡ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം അനന്തശയനത്തിലുള്ള വിഷ്ണുവിനാണ് സമര്‍പ്പിച്ചിച്ചിരിക്കുന്നത്.
ഈയടുത്തായി ക്ഷേത്രത്തിലെ നിലവറയില്‍ നിന്നും മൂല്യമളക്കാനാവാത്തത്ര അളവിലുള്ള നിധി കണ്ടെത്തിയിരുന്നു. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്.

PC:Ashcoounter

ശബരിമല ശാസ്താ ക്ഷേത്രം

ഇന്ത്യയിലെമ്പാടും അറിയപ്പെടുന്ന ശബരിമല ക്ഷേത്രം ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുന്ന ക്ഷേത്രമാണ്. മണ്ഡലമാസത്തിലെ 41 ദിവസങ്ങളാണ് ഇവിടെ ഭക്തര്‍ എത്തുന്ന ദിവസങ്ങള്‍. പത്തുകോടിയിലധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇവിടെ എല്ലാ ജാതി മതസ്ഥര്‍ക്കും പ്രവേശിക്കാമെങ്കിലും പത്തു മുതല്‍ 50 വയസ്സു വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമല്ല.
മഹിഷിയെ വധിച്ച ശേഷം അയ്യപ്പന്‍ ധ്യാനിച്ച സ്ഥലമാമ് ശബരിമല എന്നാണ് വിശ്വാസം.

pc: Sailesh

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രം തിരുവനന്തപുരത്തെ അതിപ്രശസ്തമായ ക്ഷേത്രമാണ്. ആറ്റുകാലമ്മ എന്നറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടുത്തെ ഭഗവതി. കുഭമാസത്തില്‍ നടക്കുന്ന പൊങ്കാലയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന്.

pc: Vijayakumarblathur

അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ പാല്‍പ്പായസത്തിനും വേലകളിക്കും പ്രശസ്തമായ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രം ആലപ്പുഴയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. പാര്‍ഥസാരഥി സങ്കല്‍പ്പത്തില്‍ ഒരു കയ്യില്‍ ചമ്മട്ടിയും മറുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ.

pc: Balagopal.k

ചോറ്റാനിക്കര ക്ഷേത്രം

മൂന്നുഭാവങ്ങളുള്ള ജഗംദംബികയെ ആരാധിക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് എറണാകുളത്തെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. രാവിലെ സരസ്വതിയായും ഉച്ചയ്ക്കു ഭദ്രകാളിയായും വൈകിട്ട് ദുര്‍ഗ്ഗാദേവിയായുമാണ് ഇവിടെ ആരാധിക്കുന്നത്. കേരളത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്.

PC: Roney Maxwell

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

തൃശൂരില്‍ സ്ഥിതി ചെയ്യുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം തിരക്കേറിയ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ്. 12 ഭാവങ്ങളില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഇവിടുത്തെ ഭഗവദ് സ്വരൂപം മനുഷ്യനിര്‍മ്മിതമല്ലെന്നും ദ്വാരകയില്‍ കൃഷ്ണന്‍ നേരിട്ട് ആരാധിച്ചതാണെന്നുമാണ് വിശ്വാസം.
വിഷുദിവസത്തില്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാല്‍ക്കല്‍ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC: Common Good

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ ധാരാളമായി കാണാന്‍ സാധിക്കും. ആദി ശങ്കരാചാര്യര്‍ ഇവിടെ താമസിച്ചാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ സൗന്ദര്യ ലഹരി എഴുതിയതെന്നാണ് കരുതപ്പെടുന്നത്.

PC: Rklystron

തളി ക്ഷേത്രം കോഴിക്കോട്

പതിനാലാം നൂറ്റാണ്ടില്‍ സാമൂതിരിയായിരുന്ന സ്വാമി തിരുമുല്‍പ്പാട് നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശൈലി ഏറെ വ്യത്യസ്തമാണ്. ചെങ്കല്ലും മരഉരുപ്പിടികളും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് സഞ്ചാരികള്‍ തിരഞ്ഞെത്തുന്ന ഒരിടം കൂടിയാണിത്.

PC: Kerala Tourism Official Site

തിരുനെല്ലി ക്ഷേത്രം

30 കരിങ്കല്‍ തൂണുകളില്‍ താങ്ങി നിര്‍ത്തപ്പെട്ടിരിക്കുന്ന വയനാട്ടിലെ ഈ ക്ഷേത്രം വാസ്തുവിദ്യയുടെ അത്ഭുതമായാണ് കണക്കാക്കുന്നത്. ദക്ഷിണ കാശി എന്നും ദക്ഷിണ ഗയ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിനു സമീപമാണ് പാപനാശിനി അരുവി സ്ഥിതി ചെയ്യുന്നത് ബ്രഹ്മഗിരി മലനിരകളാല്‍ ചുറ്റപ്പെട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: Vijayakumarblathur

വടക്കുംനാഥ ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ടോടുകൂടിയ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ക്ഷേത്രം കൂടിയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Rameshng

കവിയൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പുരാതന മഹാക്ഷേത്രങ്ങളിലൊന്നാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം. ശ്രീരാമന്‍ തേത്രായുഗത്തില്‍ പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഇവിടുത്തേതെന്നാണ് വിശ്വാസം. ഇന്ത്യയിലെ തന്നെ മഹത്തായ മന്ദിരങ്ങളിലൊന്ന് എന്ന വിശേഷണവു ഈ ക്ഷേത്രത്തിനുണ്ട്. ഭാരതീയ വാസ്തുശൈലിയുടെ കരവിരുത് ഇവിടെ ഓരോ ഇഞ്ചിലും കാണാനാവും.

PC: Ajithkavi

ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം
പമ്പാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പാര്‍ഥസാരഥിയായ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. യുദ്ധക്കളത്തില്‍ വെച്ച് നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പരിഹാരമായി അര്‍ജുനന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു.

ശിവഗിരി ക്ഷേത്രം വര്‍ക്കല

ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള കേരളത്തിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ് തിരുവനന്തപുരം വര്‍ക്കലയില്‍ സ്ഥിതി ചെയ്യുന്ന ശിവഗിരി ക്ഷേത്രം.
അദ്ദേഹത്തിന്റെ സമാധി മന്ദിരം സ്ഥിതി ചെയ്യുന്ന ഇവിടെത്തന്നെയാണ് ശ്രീനാരായണ ധര്‍മ്മ സംഘത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും. ഡിസംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ഇവിടേക്കുള്ള തീര്‍ഥാടനം നടക്കുന്നത്.

PC: Kalesh

വൈക്കം മഹാദേവ ക്ഷേത്രം

പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. അന്നദാനപ്രഭു എന്നറിയപ്പെടുന്ന ഇവിടുത്തെ മഹാദേവന്‍ പാര്‍വ്വതി ദേവിയോടൊപ്പമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
വൈക്കം ക്ഷേത്രത്തിലാണ് കേരള ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമായിരുന്ന വൈക്കം സത്യാഗ്രഹം നടന്നത്.

PC: Georgekutty

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ നാഗരാജ ക്ഷേത്രമാണ് ആലപ്പുഴ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയായ വലിയമ്മയാണ് ഇവിടുത്തെ പൂജകള്‍ ചെയ്യുന്നത്. ക്ഷേത്രത്തിനു സമീപത്തായി ഏകദേശം മുപ്പതിനായിരത്തോളം നാഗപ്രതിമകള്‍ കാണുന്ന ഇവിടെ മാത്രമാണ് ഇത്രയധികം നാഗപ്രതിമകളുള്ളത്. സന്താനഭാഗ്യത്തിനായി ഉരുളി കമഴ്ത്തുന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.

PC:Vibitha vijay

പറശ്ശിനിക്കടവ് ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. കേരളത്തിലെമ്പാടും നിന്ന് ആളുകള്‍ ദിവസേന എത്തുന്ന പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. ശിവന്റെയും വിഷ്ണുവിന്റെയും സങ്കല്പ്പമാണ് മുത്തപ്പന്‍.
എല്ലാ ദിവസവുമുള്ള തെയ്യം കെട്ടിയാടലും അന്നദാനവും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
കണ്ണൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Reju

ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം

ആയിരത്തി അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തച്ചോളി ഒതേനന്‍ ആരാധിച്ചിരുന്നതായി പറയപ്പെുടുന്നു. കളരിപ്പയറ്റ് അഭ്യാസികള്‍ അരങ്ങേറ്റത്തിനു മുന്‍പ് വന്ന് അനുഗ്രഹം വാങ്ങുന്ന ഈ ക്ഷേത്രത്തിന് വടക്കന്‍ വീരഗാഥകളില്‍ പ്രത്യേക സ്ഥാനമാണുള്ളത്.

പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം

ദക്ഷിണേന്ത്യയില്‍ തന്നെ അപൂര്‍വ്വമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ചക്രം ശംഖ് എന്നിവ ധരിച്ചവനും നാലുകൈകളോടുകൂടിയതും പൂര്‍ണ്ണ വൈഷ്ണവ തേജസ്വരൂപിയുമായ ശ്രീ വൈകുണ്‌ഠേശ്വര സന്താനഗോപാല മൂര്‍ത്തി ഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുഴവാതിലാണ് ശ്രീ വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കൊട്ടാരക്കര ഗണപതി ക്ഷേത്രം

യഥാര്‍ഥത്തില്‍ ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതി ക്ഷേത്രത്തിനാല്‍ പ്രസിദ്ധമാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം.
ഉളിയന്നൂര്‍ പെരുന്തച്ചനുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.

PC: Binupotti

 

നിലക്കല്‍ മഹാദേവ ക്ഷേത്രം

ശബരിമല ഇടത്താവളങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നിലക്കല്‍ മഹാദേവ ക്ഷേത്രം. രണ്ടു ഭാവങ്ങളുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. ഉഗ്രമൂര്‍ത്തിയും മംഗള പ്രദായകനുമായ ഇവിടുത്തെ ശിവന്‍ തന്റെ മകനായ അയ്യപ്പന് അനുഗ്രഹങ്ങള്‍ വര്‍ഷിച്ച് ഇവിടെ താമസിക്കുന്നു എന്നാണ് വിശ്വാസം.

PC: Sailesh

മലയാലപ്പുഴ ദേവിക്ഷേത്രം

ആയിരം വര്‍ഷത്തോളം പഴക്കമുണെന്ന് കരുതപ്പെടുന്ന മലയാലപ്പുഴ ദേവിക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഉഗ്രരൂപത്തിലുള്ള ഭദ്രകാളിയാണ്.
ജോലിയില്ലാത്തവര്‍ക്കും വിവാഹം ശരിയാകാത്തവര്‍ക്കും ആശ്രയ സ്ഥാനമായ ഇവിടെ നിരവധി ഭക്തരാണ് ദിവസേന എത്തുന്നത്.

PC: Anandtr2006

English summary

Most famous temples in Kerala

Most famous temples in Kerala
Please Wait while comments are loading...